ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsകാഞ്ഞങ്ങാട്: പൂച്ചക്കാട് ഫാറൂഖ് പള്ളിക്കു സമീപത്തെ ഗൾഫ് വ്യാപാരി എം.സി. ഗഫൂർ ഹാജിയുടെ (53) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. സരിതയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയത്.
പൂച്ചക്കാട് പള്ളി ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്ത് അവിടെവെച്ചുതന്നെ നടപടികൾ പൂർത്തിയാക്കി. കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. രാവിലെ 9.05ന് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സേനയും സ്ഥലത്തുണ്ടായിരുന്നു.
ആളുകളെ പള്ളിവളപ്പിൽ കയറ്റാതെയാണ് നടപടികൾ ആരംഭിച്ചത്. ഉച്ചക്ക് 12ന് പോസ്റ്റ്മോർട്ടം പൂർത്തിയായി. തുടർന്ന് അവിടെതന്നെ മൃതദേഹം അടക്കംചെയ്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഗഫൂർ ഹാജിയെ ഇക്കഴിഞ്ഞ 16ന് പുലർച്ചെയാണ് പൂച്ചക്കാട് ഫാറൂഖ് പള്ളിക്കു സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുടുംബാംഗങ്ങളുടേതുൾപ്പെടെ 600 പവനോളം സ്വർണം ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ടതിനു പിന്നാലെയായിരുന്നു മരണം.
തലേദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വീട്ടിലേക്കു പോയതിനാൽ വീട്ടിൽ ഗഫൂർ ഹാജി തനിച്ചായിരുന്നു. പുലർച്ചെ അത്താഴസമയത്ത് ആളനക്കം കാണാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയായിരുന്നു. അപ്രതീക്ഷിത മരണത്തിനുശേഷം ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്ന് 600 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികളിലേക്കു കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.