കുടുംബ ബജറ്റ് തകർത്ത് ഗ്യാസ് വിലവർധന
text_fieldsകാഞ്ഞങ്ങാട്: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനം. പെട്രോള്‍, ഡീസല്‍, നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതക സിലിണ്ടറിനും വില വർധിച്ചതോടെ നട്ടംതിരിയുകയാണ് വീട്ടമ്മമാരും മറ്റുള്ളവരും. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. രണ്ടുമാസത്തിനിടെ 100 രൂപയുടെ വര്‍ധന.
14.2 കിലോഗ്രാം സിലിണ്ടറിന് ജില്ലയില്‍ 967.50 രൂപയായിരുന്നിടത്ത് ഇനി 1017 രൂപ 50 പൈസ കൊടുക്കണം. വീട്ടിലെത്തുമ്പോള്‍ ഡെലിവറി ചാര്‍ജ് വേറെയും. ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി 50 രൂപ കൂടിയത്. 2020ല്‍ 668.10 രൂപയായിരുന്നു 14.2 കിലോഗ്രാം സിലിണ്ടറിന് വില. നേരത്തെ 560 രൂപ കഴിച്ച് ബാക്കി തുക സബ്‌സിഡിയായി ബാങ്കില്‍ നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ആരോടും പറയാതെ സബ്‌സിഡിയും എടുത്തുകളഞ്ഞതോടെ വിലക്കയറ്റത്തിന്റെ മുഴുവന്‍ ഭാരവും ഗുണഭോക്താക്കളുടെ തലയിലായി.
വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ന്നുനിൽക്കുന്നു. 102.50 രൂപയാണ് മേയ് ഒന്നിന് കൂട്ടിയത്. ഇതോടെ 19 കിലോ ഭാരമുള്ള സിലിണ്ടറിന് 2365.50 രൂപ നല്‍കണം. നേരത്തെ 2263 രൂപയായിരുന്നു. പത്തുമാസത്തിനിടെ 648 രൂപയുടെ വര്‍ധനയാണ് വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തില്‍ ഗുണഭോക്താക്കളെ അടിച്ചേൽപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജീവിതം മുന്നോട്ടുപോകുന്ന കുടുംബങ്ങള്‍ ഒരുദിവസം തള്ളിനീക്കാന്‍ പെടാപ്പാടുപെടുകയാണ്. അതിനിടയിലാണ് അടുക്കള ബജറ്റിനെ താളംതെറ്റിച്ച് പാചകവാതകത്തിനടക്കം നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നത്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനിടയിലുണ്ടായ വിലവര്‍ധന ഹോട്ടല്‍, ബേക്കറി, ചെറുകിട ഭക്ഷ്യോല്‍പന്ന യൂനിറ്റുകളെയും അതിഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ഇടക്കിടെയുള്ള ഗ്യാസിന്റെ വിലക്കയറ്റം ജീവിതത്തിന്റെ നടുവൊടിക്കുന്നു. 50 രൂപയാണ് ഒറ്റയടിക്ക് വർധിക്കുന്നത്. വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെ വില കൂടിയാൽ അടുപ്പുകൂട്ടേണ്ടിവരുമെന്നതിൽ ഒരു സംശയവുമില്ല. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇനിയും ഗ്യാസിന്റെ വില കൂടിയാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഒരു ഉത്തരവുമില്ലാത്ത അവസ്ഥയാണ്.
-സൗദ കല്ലൂരാവി
ഗ്യാസിന്റെ വിലക്കയറ്റം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെയാണ് ഗ്യാസിന്റെ വില 1000ത്തിനു മുകളിൽ ഉയരുന്നത്. സാധാരണക്കാരായ ജനങ്ങൾ എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുക എന്നുള്ളത് വലിയ ചോദ്യം തന്നെയാണ്.
-എം.വി. ശ്രുതി രാവണീശ്വരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.