കർണാടകയിലെ ഗുഡ്സ് വാഹനങ്ങൾ ആംബുലൻസാക്കുന്നു
text_fieldsകാഞ്ഞങ്ങാട്: ആംബുലൻസ് സർവിസുകളെ കച്ചവടവത്കരിക്കുന്ന രീതിയിൽ കർണാടകയിലെ ടൂറിസ്റ്റ്, ഗുഡ്സ് വാഹനങ്ങളെ കൃത്രിമ ആംബുലൻസുകളാക്കി മാറ്റുന്നു. ഇതുവഴി രോഗികളെ വ്യാപകമായി ചൂഷണം ചെയ്യുകയാണെന്ന് ഇതിനോടകം പരാതികളുയർന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് പാസഞ്ചർ, ഗുഡ്സ് വാനുകളും മറ്റു ടൂറിസ്റ്റ് വാഹനങ്ങളും നിയമവിരുദ്ധമായ രീതിയിൽ താൽക്കാലിക ആംബുലൻസുകളാക്കി തിരിച്ച് തുച്ഛമായ വിലയിൽ കേരളത്തിലേക്കെത്തിക്കുകയാണ്. ഇത് കണക്കിലെടുത്ത് ജില്ലയുടെ മലയോര മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.
എട്ടര ലക്ഷം രൂപ വിലയുള്ള കാറുകളാണ് ഏജൻറുമാർ മുഖേന അഞ്ചര ലക്ഷം രൂപക്ക് നിരത്തിലിറക്കുന്നത്. നിരത്തിലിറക്കുമ്പോൾ തന്നെ സൈറണും മറ്റു ലൈറ്റുകളും ഘടിപ്പിച്ച് കൊടുക്കുന്നുണ്ട്. മലയോര മേഖലയിലും അതിർത്തി പ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ കൂടുതൽ കൃത്രിമ വാഹനങ്ങളോടുന്നതെന്ന് ആംബുലൻസ് ആൻഡ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ പറഞ്ഞു.
സംഭവം ജില്ല ആർ.ടി.ഒയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധി മുതലെടുക്കുന്ന, ആംബുലൻസ് ഡ്രൈവർമാർക്കുള്ള പ്രത്യേക ടെസ്റ്റ് പാസാകാത്ത വണ്ടിയോടിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.