പൊലീസ് പിടികൂടുമെന്ന് ഉറപ്പായി; ക്വട്ടേഷൻ സംഘം കോടതിമുറിയിൽനിന്ന് ഇറങ്ങിയോടി
text_fieldsകാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ദമ്പതികളെ ആക്രമിച്ച് പണവും സ്വര്‍ണവും കാറും കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തിലെ പിടികിട്ടാപ്പുള്ളികള്‍ കോടതിയില്‍ നിന്ന് ഇറങ്ങിയോടി. ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ നെല്ലിത്തറയിലെ മുകേഷ്, അഞ്ചാംവയലിലെ ദാമോദരന്‍, കല്യാണ്‍റോഡിലെ അശ്വിന് എന്നിവരാണ് ബുധനാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ നവംബര്‍ 12ന് ഉച്ചക്ക് 12.30 ഓടെ ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് സമീപത്തെ എച്ച്.ആര്. ദേവദാസ്, ഭാര്യ ലളിത എന്നിവരെ ആക്രമിച്ച് വീട് കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘംഗങ്ങളാണ് മൂവരും. ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ചെയ്തിരുന്നു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാനാണ് ഹൈകോടതി നിർദേശിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുര്‍ഗ് സി.ഐ കെ.പി. ഷൈനിനു മുമ്പാകെ ഹാജരാകുന്നതിന് പകരം പ്രതികള്‍ മൂവരും അഭിഭാഷകന് മുഖേന ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തുകയായിരുന്നു.
എന്നാല്‍, ഹൈകോടതിയുടെ നിര്‍ദേശം പാലിക്കാനായിരുന്നു മജിസ്ട്രേറ്റും നിര്‍ദേശിച്ചത്. കേസ് പരിഗണിക്കാതിരുന്നതോടെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്നാണ് കോടതിയില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെട്ടതറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
രണ്ടാഴ്ചമുമ്പും ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇവര്‍ മൂന്നുപേരും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ദമ്പതികളെ ആക്രമിച്ച് വീട് കൊള്ളയടിച്ച സംഭവത്തില്‍ സൂത്രധാരനായ ഒന്നാംപ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്, പ്രധാനപ്രതി ബലൂരിലെ സുരേശന് എന്നിവരെ നേരത്തെതന്നെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.