ഗവർണർ പദവി ആടിന്റെ താടിയിലെ രോമംപോലെ –അഡ്വ. പ്രകാശ് ബാബു
text_fieldsകാഞ്ഞങ്ങാട്: ജനാധിപത്യരാജ്യത്ത് ഗവർണർ പദവി വേണ്ട എന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളതെന്നും അജഗളസ്തനം പോലെ ആവശ്യമില്ലാത്തതാണെന്നും സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ. പ്രകാശ് ബാബു. 'കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ, ചട്ടുകമാകുന്ന ഗവർണർ' എന്ന വിഷയത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആടിന്റെ താടിയിൽ തൂങ്ങിക്കിടക്കുന്ന രോമംപോലെയാണ് സംസ്ഥാനത്തിന്റെ ഗവർണർ പദവി. അതു മുറിച്ചുകളഞ്ഞാലും കുഴപ്പമില്ല, അത് ആവശ്യമില്ലാത്ത അവയവമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും ഗവർണർമാരെ ഉപയോഗിച്ചും ഭരണപരമായ ചിലനീക്കങ്ങൾ കേന്ദ്രം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. ബാബു സ്വാഗതം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശൻ, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി. കൃഷ്ണൻ, മുസ്ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്, വിവിധ പാർട്ടി നേതാക്കളായ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കരീം ചന്തേര, വി.വി. കൃഷ്ണൻ, എം.എ. ലത്തീഫ്, പി.പി. രാജു, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.