ടൗണിൽ പോകാൻ സൗജന്യമായി സൈക്കിൾ; 'ഗ്രീൻ ട്രാൻസിറ്റ്' പദ്ധതിക്ക് തുടക്കം
text_fieldsകാഞ്ഞങ്ങാട്: സൈക്ലിസ്റ്റുകളുടെ കൂട്ടായ്മയായ കാസർകോട് പെഡലേഴ്‌സിന്‍റെ നേതൃത്വത്തിൽ 'ഗ്രീൻ ട്രാൻസിറ്റ്' പദ്ധതിക്ക് തുടക്കമായി. നഗരത്തിൽ എത്തുന്നവർക്ക് വിവിധ ആവശ്യങ്ങൾ നിർവഹിക്കുവാൻ സൈക്കിൾ സൗജന്യമായി നൽകുന്നതാണ് പരിപാടി.
ഗതാഗതക്കുരുക്കില്ലാതെ പരിസ്ഥിതി സൗഹൃദ രീതിയിൽ നഗരത്തിൽ സഞ്ചാരം സാധ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. തുടക്കത്തിൽ രണ്ട് സൈക്കിളുകളാണ് ഒരുക്കിയിട്ടുള്ളത്. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്‌കൂൾ പരിസരത്തുള്ള കാസർകോട് പെഡലേഴ്‌സ് ഓഫിസ് കേന്ദ്രീകരിച്ചാണ് തുടക്കമെന്ന നിലയിൽ ഗ്രീൻ ട്രാൻസിറ്റ് ആരംഭിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സൈക്ലിങ് കൂട്ടായ്മയിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും സൗകര്യം ലഭ്യമാവുക. കൂടുതൽ സൈക്കിളുകൾ കണ്ടെത്തുന്ന മുറക്ക് പൊതുജനങ്ങൾക്ക് കൂടി സേവനം ലഭിക്കും. ഭാവിയിൽ പുതിയ ബസ് സ്റ്റാൻഡ്, കാഞ്ഞങ്ങാട് നഗരപരിധി എന്നിവിടങ്ങളിൽ സൈക്കിൾ കിയോസ്കുകൾ ആരംഭിക്കാനും ആലോചനയുണ്ട്. പച്ചക്കറി സൺസ്, നന്മമരം കാഞ്ഞങ്ങാട് എന്നീ സ്ഥാപനങ്ങളാണ് സൈക്കിളുകൾ സമ്മാനിച്ചത്.
ഒരു കേന്ദ്രത്തിൽ നിന്ന് സൈക്കിൾ എടുത്ത് മറ്റൊരു കേന്ദ്രത്തിൽ തിരിച്ചേൽപ്പിക്കാൻ കഴിയുന്ന വിധത്തിൽ സേവനം വിപുലീകരിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി.സുജാത പദ്ധതി ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എസ്.ഐ പി.സതീഷ് ട്രാൻസിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്‍റ് രതീഷ് അമ്പലത്തറ അധ്യക്ഷത വഹിച്ചു. ബാബു മയൂരി, ഗുരുദത്ത് പൈ, നരസിംഹ പൈ, സബിൻ, ടി.എം.സി. ഇബ്രാഹിം, സുമേഷ് കോട്ടപ്പാറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.