ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; പ്രസിഡന്റിനെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ് പോര്
text_fieldsകാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ പുതിയ അധ്യക്ഷനെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപുപോര്. സമവായമുണ്ടാക്കാൻ ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് എ വിഭാഗത്തിന്റെ ഡയറക്ടർമാർ ഇറങ്ങിപ്പോയി.
പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും നല്കിയ ശിപാര്‍ശ ഡി.സി.സി പ്രസിഡന്റ് അട്ടിമറിച്ചെന്ന് ഐ വിഭാഗം ആരോപിച്ചു. മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് തീരുമാനം അട്ടിമറി നടത്തിയതായി ആരോപിച്ച് ഭരണസമിതി അംഗമായ മുന്‍ നഗരസഭ ചെയര്മാന് വി. ഗോപി അംഗത്വം രാജിവെച്ചു.
ചൊവ്വാഴ്ച രാവിലെ 10നാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാന്‍ ഭരണസമിതി യോഗം വരണാധികാരിയായ കോഓപറേറ്റിവ് ഇന്‍സ്പെക്ടര്‍ വിളിച്ചു ചേര്‍ത്തത്. 13 അംഗ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടുപേര്‍ കോണ്‍ഗ്രസില്‍ നിന്നും അഞ്ചു പേര് മുസ്ലിംലീഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബാങ്ക് ഭരണസമിതിക്ക് പുതിയ നേതൃത്വം വേണമെന്ന് കോണ്‍ഗ്രസ് മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാര്‍ ഡി.സി.സി പ്രസിഡന്റിന് രേഖാമൂലം കത്ത് നല്‍കിയിരുന്നു. നിലവിലെ പ്രസിഡന്റ് പ്രവീൺ തോയമ്മലിനെ മാറ്റി മുന്‍ നഗരസഭ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. ഗോപിയെ പ്രസിഡന്റാക്കണമെന്നായിരുന്നു ഐ വിഭാഗത്തിന്റെ ആവശ്യം.
ഈ ആവശ്യം നിരാകരിച്ചാണ് ഡി.സി.സി പ്രസിഡന്റ് പ്രവീണിനെ വീണ്ടും പ്രസിഡന്റാക്കാൻ സമ്മതം നൽകിയതെന്നാണ് ഐ വിഭാഗം ആരോപിക്കുന്നത്. നിലവിലുള്ള പ്രസിഡന്റിനെ നിലനിര്‍ത്തണമെന്ന ലീഗ് നിലപാടിനൊപ്പം ഡി.സി.സി പ്രസിഡന്റും നിലപാടെടുത്തു.
മുന്നണി മര്യാദകൾ ലംഘിച്ച് കോണ്‍ഗ്രസിന് അവകാശപ്പെട്ട പദവിയില്‍ ആരു വരണമെന്ന് ഘടകകക്ഷി തീരുമാനിക്കുന്നതായാണ് ആരോപണം. എ വിഭാഗത്തിന് അനുകൂല നിലപാടെടുത്ത് ഡി.സി.സി പ്രസിഡന്റ് മടങ്ങിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വി. ഗോപിയുടെ പേര് ഭരണസമിതി അംഗങ്ങളായ വി.വി. മോഹനന് നിര്‍ദേശിക്കുകയും പി. സരോജ പിന്താങ്ങുകയും ചെയ്തു.
ഗോപിക്ക് നാല് വോട്ടുകള്‍ ലഭിച്ചു. മുസ്ലിംലീഗിന്റെ അഞ്ച് വോട്ടും കോൺഗ്രസിന്റെ നാല് വോട്ടും അടക്കം 9 വോട്ടുകള്‍ പ്രവീണിന് ലഭിച്ചു. ഇതോടെയാണ് ഭരണസമിതി അംഗത്വം വി. ഗോപി രാജിവെച്ചത്. മറ്റംഗങ്ങളും പാര്‍ട്ടിയുടെ മണ്ഡലം- ബ്ലോക്ക് പ്രസിഡന്റുമാരുള്‍പ്പെടെയുള്ള ഭാരവാഹികളും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഒരു വിഭാഗം പറയുന്നു.
മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും ഐ വിഭാഗക്കാരാണ്. ഡി.സി.സി പ്രസിഡന്റ് ഐ വിഭാഗക്കാരനാണെങ്കിലും പ്രവീണിനെ പ്രസിഡന്റായി തുടരുന്നതിൽ അദ്ദേഹം വഴങ്ങുകയായിരുന്നു.
ഡി.സി.സി പ്രസിഡന്റ് വിളിച്ചു ചേർത്ത ഡയറക്ടർമാരുമുൾപ്പെട്ട യോഗത്തിൽ രണ്ടര വർഷം വീതമെന്ന ഫോർമുല പി.കെ. ഫൈസൽ മുന്നോട്ട് വെച്ചെങ്കിലും ആദ്യത്തെ രണ്ടര വർഷം പ്രവീണിനെ തുടരാൻ അനുവദിക്കണമെന്ന് എ വിഭാഗം നിലപാടെടുത്തതോടെയാണ് എ വിഭാഗം ഇറങ്ങി പോയത്. മുസ്ലിം ലീഗ് പിന്തുണ ലഭിച്ചതോടെ എ വിഭാഗം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.