വിമാനത്താവളത്തിൽ വനിത കൗൺസിലർമാരടക്കം ആറുപേരെ സ്വർണവുമായി തടഞ്ഞു
text_fieldsകാഞ്ഞങ്ങാട്: ഗൾഫിൽ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങിയ മൂന്ന് നഗരസഭ കൗൺസിലർമാരുൾപ്പെടെ ആറ് സ്ത്രീകളെ കണ്ണൂർ എയർപോർട്ടിൽ സ്വർണവുമായി തടഞ്ഞുവച്ചു. സംഭവം വിവാദമായതോടെ ഇവരിൽനിന്നും വിശദീകരണം ചോദിക്കാൻ മുസ്ലിം ലീഗ് തീരുമാനം. കാഞ്ഞങ്ങാട്ടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗൾഫിൽ നടന്ന പരിപാടിയിൽ സംബന്ധിക്കാൻ ഒരാഴ്ച മുമ്പാണ് വനിത ലീഗ് നേതാവടക്കമുള്ള കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാരും മുൻ വനിതാ കൗൺസിലർമാരടക്കം പോയത്.
ഇവരെ കൂടാതെ കാഞ്ഞങ്ങാട്ടെ ഏതാനും മുസ്ലിം ലീഗ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഇവരിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മൂന്ന് വനിത ലീഗ് കൗൺസിലർമാരും മുസ്ലിംലീഗിന്റെ തന്നെ മൂന്ന് മുൻ വനിത കൗൺസിലർമാരുമാണ് തിരിച്ചുവരുന്നതിനിടെ വിമാനത്താവളത്തിൽ സ്വർണവുമായി പിടിയിലായത്.
നിശ്ചിത അളവിൽ കൂടുതൽ സ്വർണം ധരിച്ചെത്തിയ ഇവരെ കസ്റ്റംസ് വിഭാഗം തടഞ്ഞു വെക്കുകയായിരുന്നു. സ്വർണം വില കൊടുത്തു വാങ്ങിയതിന്റെ രേഖകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ആറ് സ്ത്രീകളും ഒരേ തരത്തിലുള്ള വളകൾ ധരിച്ചതാണ് ഇവരെ സംശയനിഴലിലാക്കിയത്.
ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടിയും ലഭിച്ചില്ല. മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെച്ചശേഷം രാത്രി ഏറെ വൈകി വിട്ടയച്ചുവെങ്കിലും ആഭരണങ്ങൾ വിട്ടു നൽകിയിട്ടില്ല. നികുതി അടച്ചശേഷം ആഭരണം വിട്ടു നൽകുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചത്.
മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ അനുമതിയോടെയാണ് പോഷക സംഘടന ഗൾഫിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ സ്ത്രീകൾ പോയത്. വനിത ലീഗ് നേതാവും കൗൺസിലർമാരും മുൻ കൗൺസിലർമാരും സ്വർണാഭരണവുമായി എയർപോർട്ടിൽ കുടുങ്ങിയത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയും വിവാദത്തിനും തിരികൊളുത്തിയതോടെ ഇവരിൽനിന്നും വിശദീകരണം തേടാൻ ലീഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ആറുപേരിൽനിന്ന് വിശദീകരണം ചോദിക്കുമെന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ജാഫർ പറഞ്ഞു. ഇവരോട് വിശദീകരണം ചോദിക്കുന്നതിനായി ഇന്ന് മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഓരോ സ്ത്രീകളും നാലരപ്പവൻ വീതം വരുന്ന സ്വർണവളകൾ ആണ് ധരിച്ചതെന്നും കൂടുതൽ സ്വർണാഭരണങ്ങൾ ഉണ്ടായിട്ടില്ലെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ലീഗ് നേതാക്കൾ പറഞ്ഞത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.