കാടുമൂടി നശിച്ച് ഇരിയ ബ്രിട്ടീഷ് ബംഗ്ലാവ്
text_fieldsകാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാനപാത കടന്നുപോകുന്ന ഇരിയയിൽ ബ്രിട്ടീഷ് ബംഗ്ലാവ് കാടൂമൂടി നശിക്കുന്ന നിലയിൽ. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോൾ കാണാവുന്നത്. കാഞ്ഞങ്ങാട്ടുനിന്നും കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ ഇരിയ ടൗൺ എത്തുന്നതിന് തൊട്ടുമുമ്പാണ് ബ്രിട്ടീഷ് ബംഗ്ലാവ് നിലനിൽക്കുന്നത്. ഈ സ്ഥലം ഇന്നും അറിയപെടുന്നത് ബംഗ്ലാവ് സ്റ്റോപ്പെന്നാണ്. ചുവരുകളിലും തറയിലും കാടും പടര്‍പ്പുകളും വളര്‍ന്നും മേല്‍ക്കൂരയില്ലാതെയും നാശോന്മുഖമായി കിടക്കുന്ന അവസ്ഥയിലാണിപ്പോൾ ഈ കെട്ടിടം. പലർക്കും ഇതൊരു ചരിത്ര ശേഷിപ്പുകളുള്ള കെട്ടിടമെന്നറിയില്ല.
ആരോ ഉപേക്ഷിച്ചുപോയൊരു കെട്ടിടമെന്നതാണ് പലരും കരുതുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ ഗെസ്റ്റ് ഹൗസായിരുന്നു ഇത്. കെട്ടിടവും ചുറ്റുമുള്ള 91 സെന്റ് ഭൂമിയും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതെങ്കിലും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നു മാത്രം. 1923ലാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴില്‍ ഈ കെട്ടിടം നിര്‍മിച്ചത്. മലയോര മേഖലയില്‍ നികുതി പിരിക്കാനെത്തുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമ്പ് ചെയ്യുന്നതിനും കുടക് പോലുള്ള ഇടങ്ങളിലേക്ക് കുതിരവണ്ടികളിലും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് വിശ്രമിക്കാനുമൊക്കെ സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ബംഗ്ലാവ് എന്ന പേരിലാണ് ഈ കെട്ടിടം അറിയപ്പെട്ടിരുന്നത്.
കുതിരകള്‍ക്ക് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സൗകര്യമുള്ള കുതിരാലയവും തൊട്ടടുത്തുണ്ടായിരുന്നു. ഇത് ഇപ്പോള്‍ ഒട്ടുമുക്കാലും തകര്‍ന്നുകഴിഞ്ഞു. കാല്‍നട യാത്രക്കാരുടെ സൗകര്യത്തിനായി നിര്‍മിച്ച ചുമടുതാങ്ങിയും ഇതിനു മുന്നിലുണ്ട്. 1957 ല്‍ കല്ലളന് വൈദ്യര് എം.എല്‍.എ ആയിരുന്ന കാലത്ത് ഇരിയയില്‍ സർക്കാര്‍ സ്കൂള്‍ അനുവദിച്ചപ്പോള്‍ ആദ്യം തുടങ്ങിയത് ഈ കെട്ടിടത്തിലായിരുന്നു. പിന്നീട് ധര്‍മാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് മതിയായ സംരക്ഷണമില്ലാതായതോടെയാണ് കെട്ടിടം നശിച്ചുതുടങ്ങി. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുകയാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് റവന്യൂ അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ സര്‍ക്കാര്‍ നടപടികള്‍ അവിടംകൊണ്ട് അവസാനിച്ചു. സംസ്ഥാനപാതയോരത്ത് ഇത്രയും സ്ഥലവും ചരിത്രപ്രാധാന്യമുള്ള കെട്ടിടവുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല.
ബംഗ്ലാവിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നും ബാക്കി സ്ഥലത്ത് മലയോരത്തെ വിനോദസഞ്ചാര വികസനത്തിനുള്‍പ്പെടെ സഹായകമാകുന്ന തരത്തില്‍ വഴിയോര വിശ്രമകേന്ദ്രവും മ്യൂസിയവുമുള്പ്പെടെ സ്ഥാപിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.