അനുവദിച്ച ബസ് പെര്‍മിറ്റുകൾക്ക് സമയം നിശ്ചയിച്ചില്ലെന്ന് ആക്ഷേപം
text_fieldsകാഞ്ഞങ്ങാട്: റീജിയണൽ ട്രാൻസ്പോര്‍ട്ട് അതോറിറ്റിയുടെ യോഗം 14ന് കലക്ടറേറ്റിലെ പ്രധാന കോൺഫറൻസ് ഹാളിൽ നടക്കാനിരിക്കെ അപേക്ഷകരിൽ മുറുമുറുപ്പ്. സെപ്റ്റംബറിലെ യോഗത്തിൽ പാസായ പുതിയ ബസ് പെര്മിറ്റുകൾക്കൊന്നിനും സമയം നിശ്ചയിച്ച് നൽകാതെ അടുത്ത യോഗം നടത്തുന്നതിലാണ് അപേക്ഷകരുടെ വിമർശനം.
ഒറ്റപ്പെട്ട് കിടക്കുന്ന മലയോര മേഖലകളിലേക്ക് പാസായ ബസ് പെര്‍മിറ്റുകൾക്ക് സമയം നിശ്ചയിച്ച് നൽകാൻ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. യാത്രാക്ലേശം രൂക്ഷമായ തലപ്പച്ചേരി, അടൂര്‍, ഉദയപുരം, കാഞ്ഞങ്ങാട് റൂട്ടിലെയും കൊന്നക്കാട്, തായന്നൂര്‍, മടിക്കൈ, കാഞ്ഞങ്ങാട് റൂട്ടിലെയും ബസുകൾക്ക് സെപ്റ്റംബറിൽ പെര്‍മിറ്റ് പാസായതിന് പിന്നാലെ നവംബര്‍ 28ന് സമയ നിര്‍ണയ യോഗം വിളിച്ചു. യോഗത്തിൽ ഒരു വിഭാഗം ബസുടമകൾ ബഹളമുണ്ടാക്കുകയും തീരുമാനമെടുക്കാതെ മാറ്റിവെക്കുകുമായിരുന്നു.
തായന്നൂര്‍, ആനക്കുഴി മേഖലകളിൽനിന്ന് മടിക്കൈ വഴി പുതിയ ബസ് സർവിസ് വന്നാൽ കാഞ്ഞങ്ങാട്ടേക്ക് ടിക്കറ്റ് നിരക്ക് 12 രൂപ കുറയും. ഇതാണ് സംഘടിതമായി എതിര്‍ക്കാൻ നിലവിലെ ഉടമകളുടെ കൂട്ടായ്മയെ പ്രേരിപ്പിക്കുന്നത്. മലയോരത്തുനിന്ന് ജില്ല ആശുപത്രിയിലേക്ക് നേരിട്ട് ബസ് സൗകര്യം ഇല്ലാത്തതോടെ കാഞ്ഞങ്ങാട്ടെത്തി അടുത്ത ബസിന് പത്ത് രൂപകൂടി നൽകണം. ഇത് പുതിയ റൂട്ടിൽ ബസ് വരുന്നതിനുള്ള എതിര്‍പ്പിന് കാരണമായി. ഏറ്റവുമധികം ആളുകൾ വെള്ളരിക്കുണ്ട് താലൂക്കിൽ നിന്നാണ് ജില്ല ആശുപത്രിയിലെത്തുന്നത്. ഇവര്‍ക്ക് രാവിലെ ആശുപത്രിയിലും ജോലി സ്ഥലങ്ങളിലുമെത്താനുള്ള സമയത്ത് ബസ് അനുവദിക്കണമെന്നാണ് ആവശ്യം.
14ന് നിശ്ചയിച്ച യോഗത്തിലും ഉദയപുരം, പരപ്പ, കണ്ടംകുട്ടിച്ചാൽ, പറക്കളായി തുടങ്ങിയ ജില്ലയിലെ വിവിധ റൂട്ടുകളിലായി പത്തോളം പുതിയ ബസ് പെര്‍മിറ്റുകൾക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സമയ നിര്‍ണയ യോഗത്തിലും ഉദ്യോഗസ്ഥര്‍ ഇവരുടെ അനാവശ്യ തടസ്സവാദങ്ങൾ മുഖവിലക്കെടുത്ത് അപേക്ഷകനെ മാസങ്ങളോളം നടത്തിക്കുന്ന പതിവുമുണ്ടെന്നും പരാതി ഉയർന്നു. ഇതിനിടെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് പെര്മിറ്റുണ്ടാക്കിയ ശേഷം സവിസ് നടത്താതെ വാഹനം അറ്റകുറ്റപ്പണിക്ക് കയറ്റിയെന്ന് രേഖയുണ്ടാക്കി തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.
സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം നേരിട്ട് ലഭിക്കേണ്ട നികുതിയും ഡീസൽ നികുതിയായി വര്‍ഷത്തിൽ ലഭിക്കേണ്ട രൂപയും ഈ വിധത്തിൽ ചോർന്നുപോകുന്നുണ്ട്. ജി ഫോം എന്ന ഇളവിന്റെ മറവിൽ നടത്തുന്ന തട്ടിപ്പിൽ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. റൂട്ട് കുത്തകയുള്ള ഓപ്പറേറ്റര്‍മാരാണ് മറ്റ് ഓപ്പറേറ്റര്‍മാര്‍ വരാതിരിക്കാൻ ഇത്തരം തട്ടിപ്പുകൾ ഉണ്ടാക്കുന്നതിൽ മുന്നിൽ. മോട്ടോര്‍ വാഹന വകുപ്പിലടക്കം സ്വാധീനമുള്ളതാണ് തട്ടിപ്പുകൾ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാൻ കാരണമെന്നും ആരോപണമുണ്ട്. കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിലും ഇത് ചര്‍ച്ചയായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഗ്രാമ പ്രദേശങ്ങളിലേക്കുള്ള വൈകുന്നേരങ്ങളിലെ ട്രിപ്പുകളും പല ബസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത് രേഖാമൂലം പരാതിപ്പെട്ടാലും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.