ജലീലിന്റെ അപകടമരണം തൊഴിൽ തേടിയുള്ള ഓട്ടത്തിനിടെ
text_fieldsകാഞ്ഞങ്ങാട്: യുവാവിന്റെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ചത് മറികടക്കാനുള്ള ശ്രമത്തിനിടെ. കുശാൽനഗർ പോളിടെക്നിക്കിന് സമീപം താമസിക്കുന്ന ജലീൽ (45) കഴിഞ്ഞ ദിവസം രാത്രി അപകടത്തിൽ മരിച്ചത് ജീവിതമാർഗം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയിൽ. പയ്യന്നൂരിൽ തട്ടുകടയോ ചെറിയ ചായപ്പീടികയോ തുടങ്ങാൻ കഴിയുമോ എന്നറിയുന്നതിനും വാടകമുറി അന്വേഷിക്കാനുമായിരുന്നു സുഹൃത്ത് ഹോസ്ദുർഗ് സദ്ദാംമുക്കിലെ സി.എച്ച്. റഷീദിനൊപ്പം പോയത്.
രാവിലെ പാലക്കുന്നിൽപോയി ഇവിടെ കട മുറി ലഭിക്കാത്തതിനാൽ പയ്യന്നൂരിലേക്ക് പോയതായിരുന്നു. തിരിച്ച് ബൈക്കിൽ കാഞ്ഞങ്ങാട്ടേക്ക് മടങ്ങവെ വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിനടുത്തു വെച്ചാണ് അപകടം. റഷീദ് ബൈക്കിന്റെ പിന്നിലുണ്ടായിരുന്നു.
ദേശീയപാതയിൽ റോഡ് പണി നടക്കുന്നതിനാൽ വേഗം കുറച്ചായിരുന്നു ജലീൽ ബൈക്ക് ഓടിച്ചിരുന്നത്. വെള്ളൂരിലെ വീതി കുറഞ്ഞ ഭാഗത്തെത്തിയപ്പോൾ കാഞ്ഞങ്ങാട് ഭാഗത്തേക്കുവരുകയായിരുന്ന ടാങ്കർ ഇടിക്കുകയായിരുന്നു. ബൈക്കിനെ മറികടക്കുന്നതിനിടെയാണ് ടാങ്കർ ഇടിച്ചത്.
യുവാവ് സഞ്ചരിച്ച ബൈക്കിൽനിന്നും ജലീലും റഷീദും രണ്ട് ഭാഗത്തേക്കായി തെറിച്ചു വീണു. ജലീലിന്റെ തലയുടെ ഒരു ഭാഗം ടാങ്കറിനടിയിൽ പെടുകയായിരുന്നു. ജോലി അന്വേഷിച്ച് ഗൾഫിൽ പോയിരുന്ന ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഗൾഫിൽ പണി ശരിയാകാത്തതിനാൽ നാട്ടിൽതന്നെ എന്തെങ്കിലും പരിപാടി തുടങ്ങാമെന്ന് ജലീലും സുഹൃത്ത് റഷീദും തീരുമാനിക്കുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ടാങ്കർ ലോറി കസ്റ്റഡിയിലെടുത്ത പയ്യന്നൂർ പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.