ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഞ്ചായത്തിനെ ജില്ലയിൽ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതികവിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളികളായി ഫലങ്ങൾ അനുഭവവേദ്യമാക്കുന്നതിനും വേണ്ടി ശ്രമിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് പഞ്ചായത്തുകളും മുഴുവൻ ജനങ്ങളുടെയും വിവരശേഖരണം നടത്തി പഠിതാക്കളെ കണ്ടെത്തുകയും അവർക്കുള്ള പരിശീലനം നൽകി തുടർന്ന് മൂല്യനിർണയം നടത്തി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുകയും ചെയ്തു.
അജാനൂർ ഗ്രാമപഞ്ചായത്തിൽ ആകെ 12196 വീടുകളിൽ സർവേ നടത്തി 13 പഠിതാക്കളെയും മടിക്കൈ ഗ്രാമപഞ്ചായത്തിൽ 6464 വീടുകളിൽ സർവേ നടത്തി 3534 പഠിതാക്കളെയും പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ 7839 വീടുകളിൽ സർവേ നടത്തി 1521 പഠിതാക്കളെയും പള്ളിക്കര ഗ്രാമപഞ്ചായത്തിൽ 12294 വീടുകളിൽ സർവേ നടത്തി 3268 പഠിതാക്കളെയും ഉദുമ ഗ്രാമപഞ്ചായത്തിൽ 9229 വീടുകളിൽ സർവേ നടത്തി 1253 പഠിതാക്കളെയും കണ്ടെത്തുകയും മുഴുവൻ പഠിതാക്കൾക്കും പരിശീലനം നൽകി. ഡിജിറ്റൽ സാക്ഷരത നേടുക എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്തായുള്ള പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത അധ്യക്ഷതവഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.