ആറുകോടിയുടെ പദ്ധതികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
text_fieldsകാഞ്ഞങ്ങാട്: ‘നവകേരളസൃഷ്ടിക്കായി ജനകീയാസൂത്രണം’ കാഴ്ചപ്പാടിൽ ആറുകോടിയിലധികം രൂപയുടെ വികസനപ്രവൃത്തികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാറിന്റെ വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനാണ് ഈ ഫണ്ട് ചെലവഴിക്കുക. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വിവിധ ക്ഷേമപദ്ധതികൾക്കായി 6.27 കോടി രൂപയുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒരുകോടി രൂപയുണ്ട്.
ഹരിതകേരള മിഷൻ, ലൈഫ് മിഷൻ, ആർദ്രം മിഷൻ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തിലൂടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. സമ്പൂർണ പാർപ്പിട പദ്ധതി, തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത്, സമ്പൂർണ ജൈവപച്ചക്കറി കൃഷിപദ്ധതി, പാൽമിച്ച ബ്ലോക്ക് പഞ്ചായത്ത്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ തൊഴിലാളികൾക്കും 100 ദിവസം തൊഴിൽദിനം സൃഷ്ടിക്കുക, സ്ഥായിയായ ആസ്തികൾ നിർമിക്കുകയും ചെയ്യുക, പരമ്പരാഗതമായ ജലസ്രോതസ്സ് സംരക്ഷിച്ച് ജലസമൃദ്ധി ഉറപ്പുവരുത്തുക, വനിതകൾ, കുട്ടികൾ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ, ട്രാൻസ്ജെൻഡർ എന്നിവയുടെ ക്ഷേമം, മെച്ചപ്പെട്ട മൃഗസംരക്ഷണ സേവനം, മൊബൈൽ വെറ്ററിനറി ക്ലിനിക്, ഫാർമസി, അതിജീവന സമ്പൂർണ അർബുദ നിയന്ത്രണ പദ്ധതി, മൂല്യാധിഷ്ഠിത സാമൂഹിക-സാമ്പത്തിക- കലാസാംസ്കാരിക-ടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുക, മണ്ണ്, ജലം, ജൈവസമ്പത്ത് സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ, തൊഴിൽപരിശീലനം, സ്വയംതൊഴിൽ, പട്ടികജാതി-വർഗക്കാരുടെ സമഗ്ര വികസനം എന്നിവയാണ് നടപ്പിലാക്കുന്നത്. വികസന സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് മെംബർ ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുറഹ്മാൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരൻ, ടി. ശോഭ, എം. ലക്ഷ്മി, എസ്. പ്രീത, സി. കെ. അരവിന്ദാക്ഷൻ, ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.കെ. ബാബുരാജ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ എം. മാധവൻ നമ്പ്യാർ, അജയൻ പനയാൽ (കില ഫാക്കൽറ്റി) എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത സ്വാഗതവും സെക്രട്ടറി പി. യൂജിൻ നന്ദിയും പറഞ്ഞു. ഗ്രൂപ് ചർച്ചയും പദ്ധതിപ്രവർത്തനങ്ങളുടെ ക്രോഡീകരണവും അവതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.