കാഞ്ഞങ്ങാട് കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsകാഞ്ഞങ്ങാട്: വാഹനങ്ങളുടെ എക്സ്ട്രാ ഫിറ്റിങ് സ്പെയർപാർട്സും അലങ്കാര ലൈറ്റുകളും മറ്റും വിൽപന നടത്തുന്ന കടയിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചിത്താരി സ്വദേശിയുടെ നോർത്ത് കോട്ടച്ചേരിയിലെ ട്രാക് കൂൾ എന്ന സ്ഥാപനത്തിലെ സാധനങ്ങൾ സൂക്ഷിച്ച മുകളിലത്തെ നിലയിലാണ് ചൊവ്വാഴ്ച പുലർച്ച തീപിടിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ലതീഷ് കയ്യൂർ, സിവിൽ ഡിഫൻസ് അംഗം രതീഷ് കുശാൽ നഗർ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്രവിതരണം നടത്തുന്നവരാണ് കടയിൽനിന്നു തീയും പുകയും കണ്ടത്. ഇദ്ദേഹം ഉടൻ സമീപവാസികളെ വിവരമറിയിച്ചു. ഇവർ അഗ്നിരക്ഷസേനയെ വിവരമറിച്ചയുടൻ സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരെൻറ നേതൃത്വത്തിൽ മിനിറ്റുകൾക്കകം ആദ്യ വാഹനം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കടയുടെ മുകളിലത്തെ നിലയിലെ മുന്നിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് ശക്തിയായി പൊട്ടിത്തെറിച്ച് തീയും പുകയുംകൊണ്ട് പ്രദേശമാകെ മൂടി. വിവരമറിഞ്ഞ് രണ്ടാമത്തെ അഗ്നിരക്ഷസേന വാഹനവും എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഇതുകൂടാതെ തൃക്കരിപ്പൂർ അഗ്നിരക്ഷസേന നിലയത്തിൽനിന്നുള്ള വാഹനവും രക്ഷാപ്രവർത്തനങ്ങൾക്കായെത്തി, തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.
മുപ്പതോളം അഗ്നിരക്ഷസേന ഓഫിസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്ന് രാവിലെ എട്ടരയോടെയാണ് തീ പൂർണമായും അണച്ചത്. കടയുടെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിൽനിന്നുള്ള തീ പടർന്നുപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങളുടെ അകത്തും സമീപത്തും മാലിന്യങ്ങൾ കൂട്ടിയിടുന്നതാണ് ഇത്തരം തീപിടിത്തത്തിനു പ്രധാന കാരണമെന്നും കെട്ടിടങ്ങളിൽ അഗ്നിരക്ഷസേന ഉേദ്യാഗസ്ഥർ പരിശോധന നടത്തുമ്പോൾ ഇത്തരം മാലിന്യങ്ങൾ കണ്ടാലും കെട്ടിടങ്ങളിലെ ഫയർൈഫറ്റിങ് ഉപകരണങ്ങൾ ഉപയോഗശൂന്യമാണെന്നു തെളിഞ്ഞാലും കർശന നടപടി ഉണ്ടാകുമെന്ന് സ്റ്റേഷൻ ഓഫിസർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.