കാഞ്ഞങ്ങാട് മേൽപാലം വേണം -താലൂക്ക് വികസന സമിതി
text_fieldsകാഞ്ഞങ്ങാട്: വാഹനങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കാല്‍നടക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് നഗരത്തില്‍ മേൽപാലം നിര്‍മിക്കണമെന്ന് ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി. പല വാഹനങ്ങളും ഡിവൈഡര്‍ കടന്ന് മറുവശത്തേക്ക് തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ പോലും ഇടുന്നില്ലെന്നും വികസന സമിതിയില്‍ ചൂണ്ടിക്കാട്ടി.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിന്റെ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
വിലക്കയറ്റം അതിരൂക്ഷമാണെന്നും വെളുത്തുള്ളി, അരി തുടങ്ങിയവയുടെ വില നിയന്ത്രണവിധേയമാക്കണമെന്നും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ കണ്ടെത്തണമെന്നും യോഗം ഉന്നയിച്ചു. ഉഷ്ണകാലം തുടങ്ങുന്ന മാസങ്ങളാണ് വരുന്നതെന്നും പലയിടങ്ങളിലും ശീതളപാനീയ വില്പന കൂടുന്നതായും ഇവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭ തീരദേശ മേഖലയിലെ സൂനാമി കോളനിയിലെ കെട്ടിടത്തിന്റെ സ്ഥിതി മോശമാണെന്നും വീടുകൾ താമസയോഗ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന്റെ അടുത്തുള്ള റോഡിന്റെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.
തഹസില്‍ദാര്‍ എം. മായ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്, വി.പി. അടിയോടി, രതീഷ് പുതിയപുരയില്‍, അബ്ദുറഹ്മാന്, യു. ഗോപി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കെ. ലത, യു.കെ. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. ലെജിന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.വി. തുളസീരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.