കാഞ്ഞങ്ങാട് വീടിന് തീപിടിച്ചു; വീട്ടുകാർ ഓടിരക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: തീപിടിച്ച് വീട് കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്. പാചകവാതക സിലിണ്ടറിന് ചൂടുപിടിച്ചെങ്കിലും അപകടത്തിൽ നിന്ന് ഒഴിവായി. പുല്ലൂർ കുളത്തുങ്കാലിലെ ടി. ചന്ദ്രന്റെ വീടിനാണ് തീപിടിച്ചത്. അടുക്കള ഭാഗം ഉൾപ്പെടെ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്കാണ് അപകടം. ഫ്രിഡ്ജിനാണ് ആദ്യം തീ പിടിച്ചതെന്ന് കരുതുന്നു. തീ കത്തുന്നതുകണ്ട് വീട്ടുകാർ ഓടിരക്ഷപ്പെട്ടതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
അടുക്കളയുടെ ഭാഗത്തെ ഓടുമേഞ്ഞ മേൽക്കൂരയിലെ കഴുക്കോൽ ഭാഗികമായും ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗ, മിക്സി, ജനൽ, അടുക്കളയിലെ വയറിങ്, സ്വിച്ച് ബോർഡ്, മോട്ടോർ പാനൽ ബോർഡ് എന്നിവ പൂർണമായും കത്തിനശിച്ചു. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോൾ ഗ്യാസ് സിലിണ്ടർ ചൂടുപിടിച്ചു വികസിച്ചിട്ടുണ്ടായിരുന്നു.
സേനാംഗങ്ങൾ ഫ്രിഡ്ജിലെ തീ നിയന്ത്രിച്ചശേഷം സിലിണ്ടർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. പ്രസാദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. അനിൽ കുമാർ, ടി.വി. സുധീഷ് കുമാർ, പി. അനിലേഷ്, പി. വരുൺ രാജ്, പി.ആർ. അനന്ദു, ഹോംഗാർഡ് കെ.കെ. സന്തോഷ് കുമാർ എന്നിവർ ചേർന്ന് തീ അണച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.