കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: അനുമതിക്ക് ശ്രമിക്കും -യു.ടി. ഖാദര്‍
text_fieldsകാഞ്ഞങ്ങാട്: ബംഗളൂരുവിലേക്കുള്ള യാത്രസമയം ഗണ്യമായി കുറക്കാന്‍ കഴിയുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍ -കാണിയൂര്‍ റെയില്‍പാതക്ക് കര്‍ണാടക സര്‍ക്കാറിന്റെ പദ്ധതി വിഹിതം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍. വിഷയം കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പദ്ധതി വിഹിതം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് കർമസമിതി നിവേദക സംഘത്തോട് യു.ടി. ഖാദര്‍ പറഞ്ഞു.
പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മറ്റ് മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്കാന് കാഞ്ഞങ്ങാട് നഗരവികസന കർമസമിതി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സമിതി ജനറല്‍ കണ്‍വീനര്‍ സി. യൂസഫ് ഹാജി, സി.എ. പീറ്റര്‍, ടി. മുഹമ്മദ് അസ്ലം, ഡോ. ജോസ് കൊച്ചിക്കുന്നേല്‍, രാജേന്ദ്രകുമാര്‍, കാസര്‍കോട് ബില്‍ഡപ് സൊസൈറ്റി പ്രസിഡന്റ് ഡോ. ഷെയ്ക്ക് ബാവ എന്നിവര്‍ മംഗളൂരുവില്‍ നിയമസഭ സ്പീക്കര്‍ യു.ടി. ഖാദറിനെകണ്ട് സംസാരിച്ചത്.
കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ പകുതി വിഹിതം വഹിക്കാന്‍ കേരള സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും കര്‍ണാടകയിൽനിന്ന് അനുകൂല തീരുമാനം ഇതേവരെ ഉണ്ടായിട്ടില്ല. ഇതേതുടര്‍ന്നാണ് പുതുതായി അധികാരത്തില്‍വന്ന മുഖ്യമന്ത്രിയെയും മറ്റുംകണ്ട് അനുകൂല തീരുമാനം എടുപ്പിക്കാനുള്ള സമിതിയുടെ ശ്രമം.
പുതിയ സാഹചര്യത്തില്‍ അനുകൂലമായ തീരുമാനം കര്‍ണാടക സര്‍ക്കാറില്‍ നിന്നുമുണ്ടാകുമെന്നാണ് കർമസമിതിയുടെ പ്രത്യാശ. സുള്ള്യയിലെ എം.എല്‍.എ ഭാഗീരഥി മുരള്യയുമായും മറ്റ് ജനപ്രതിനിധികളുമായും വിഷയം കർമസമിതി ഭാരവാഹികളായ സുള്ള്യ മുന്‍ നഗരപഞ്ചായത്ത് പ്രസിഡന്റ് എന്‍.എ. രാമചന്ദ്ര, ചേംബര്‍ പ്രസിഡൻറ് പി.ബി. സുധാകരറായ്, സമിതി അംഗങ്ങളായ സൂര്യനാരായണഭട്ട്, അഡ്വ. എം.വി. ഭാസ്കരന്, ജോസ് കൊച്ചിക്കുന്നേല്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.