സച്ചുവിന് കലാസ്നേഹികളുടെ കൈത്താങ്ങ്
text_fieldsകാഞ്ഞങ്ങാട്: മകനെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ പണമില്ലാത്തതിനാൽ ബുദ്ധിമുട്ടിയ മാതാവിന് സഹായവുമായി കൂട്ടായ്മ. തോമാപുരം സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസുകാരൻ സച്ചുവിന് ഇനി കലോത്സവത്തിൽ പങ്കെടുക്കാം.
ജില്ല സ്കൂൾ കലോത്സവത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കടുമേനി ഉന്നതിയിലെ സച്ചു സതീഷിനുവേണ്ടി കാഞ്ഞങ്ങാട്ടെ കൂട്ടായ്മ 1,11,111 രൂപ സ്വരുക്കൂട്ടി നൽകി. സംസ്ഥാന കലോത്സവത്തിലേക്ക് പോകാനുള്ള തയാറെടുപ്പിലാണിപ്പോൾ സച്ചു.
സച്ചുവിനെക്കുറിച്ച് കാഞ്ഞങ്ങാട്ടെ വാട്സ്ആപ് ഗ്രൂപ്പിൽ സാമൂഹിക പ്രവർത്തകൻ എം.കെ. വിനോദ്കുമാർ പോസ്റ്റിട്ടിരുന്നു. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യാത്രച്ചെലവിന് ബുദ്ധിമുട്ടുന്ന കലാകാരനെ കുറിച്ചായിരുന്നു പോസ്റ്റ്. തൊട്ടടുത്തനിമിഷം കാഞ്ഞങ്ങാട് സീനിയർ ചേംബർ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ നായർ 5000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.
എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ കോഓഡിനേറ്റ് ചെയ്തു. കാഞ്ഞങ്ങാടിന്റെ നന്മ നിറഞ്ഞൊഴുകുന്നതാണ് പിന്നീട് കണ്ടത്. മൂന്നാഴ്ചകൾക്കിപ്പുറം 1,11,111 രൂപയായി അത് മാറി. മകനെയും കൊണ്ട് കലോത്സവവേദിയിലേക്ക് പോകുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പണം സ്വരുക്കൂട്ടാൻ നെട്ടോട്ടമോടുന്ന അമ്മക്ക് ഇക്കുറി അത്തരമൊരു വേവലാതി വേണ്ടിവന്നില്ല.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ പ്രവർത്തകർ ഒരുമിച്ച് ചെക്ക് കൈമാറി. ഇത് ഏറ്റുവാങ്ങുമ്പോൾ മാതാവ് എം.കെ. ബിന്ദു നന്ദി പറഞ്ഞു. കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ കടിഞ്ഞിമൂലയും അർബുദത്തെ അതിജീവിച്ച കെ. വാസന്തിയും സച്ചുവിന് പുസ്തകങ്ങൾ സമ്മാനിച്ചു.
ശാരീരികവെല്ലുവിളി നേരിടുന്നവരുടെ ഉന്നമനത്തിന് പ്രവർത്തക്കുന്ന രാജാമണി കുഞ്ഞിമംഗലം കൊച്ചുകലാകാരന് കാഷ് പ്രൈസ് നൽകി. 88 വയസ്സ് പിന്നിട്ട ഡോ. സുശീലാലാസറും അധ്യാപിക ലേഖ കാദംബരിയുമെല്ലാം സച്ചുവിനെ അഭിനന്ദിക്കാനെത്തിയത് വേറിട്ടൊരു കാഴ്ചയായി.
മാധ്യമപ്രവർത്തകൻ വി.യു. മാത്യുക്കുട്ടി ഉദ്ഘാടനം ചെയ്തു. സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു. എം.കെ. വിനോദ്കുമാർ, കെ. ബാലകൃഷ്ണൻ നായർ, കവയിത്രി സി.പി. ശുഭ, ബി. മുകുന്ദ് പ്രഭു, എ. ഹമീദ്ഹാജി, എച്ച്.ആർ. ശ്രീധരൻ, സി.കെ. ആസിഫ്, അഹമ്മദ് കിർമാനി, അഡ്വ. എ. രാധാകൃഷ്ണൻ, പി.എം. അബ്ദുൽ നാസർ, കെ.വി. സുനിൽരാജ്, നാരായണൻ മൂത്തൽ, സിജി രാജൻ, അജിത് പാട്യം, ഇ.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.