കാഞ്ഞങ്ങാട് ലക്ഷങ്ങളുടെ മയക്കുമരുന്നുവേട്ട; എം.ഡി.എം.എയും എയര്‍പിസ്റ്റളുമായി നാലുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നും എയര്‍പിസ്റ്റളുമായി ഹോസ്ദുര്‍ഗ് പൊലീസ് നാലുപേരെ അറസ്റ്റ്ചെയ്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണെന്റ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ആറങ്ങാടിയിലെ എന്‍.എ. ഷാഫിയുടെ (35) വീട്ടില്‍വെച്ച് മയക്കുമരുന്ന് വിപണനം നടത്തുമ്പോഴാണ് ഷാഫിയും സംഘവും അറസ്റ്റിലായത്. ഇവരില്‍നിന്ന് 22.45 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും എയര്‍പിസ്റ്റളും 45,000 രൂപയും മയക്കുമരുന്ന് അളക്കാനുള്ള ഉപകരണവുമാണ് പിടിച്ചെടുത്തത്. ഷാഫിക്ക് പുറമെ വീട്ടിലുണ്ടായിരുന്ന കൂട്ടുകച്ചവടക്കാരായ മീനാപ്പീസിലെ മുഹമ്മദ് ആദില്‍ (26), വടകരമുക്കിലെ അര്‍ഫാന ക്വാര്‍ട്ടേഴ്സിലെ കെ. ആഷിക് (28) എന്നിവരെയും ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ്ചെയ്തു.
മറ്റൊരു സംഭവത്തില്‍ ആവിക്കരയിലെ കെ.എം.കെ ക്വാര്‍ട്ടേഴ്സിലെ കെ. ആഷിക് മുഹമ്മദിനെ (24) 1.450 ഗ്രാം എം.ഡി.എം.എയുമായി എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റ്ചെയ്തു. ഇയാള്‍ ക്വാര്‍ട്ടേഴ്സില്‍വെച്ച് മയക്കുമരുന്ന് വില്പന നടത്തിവരുകയായിരുന്നു. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഹോസ്ദുര്‍ഗ് സ്റ്റേഷന് പരിധിയില്‍ വ്യാപകമായി മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി നിരീക്ഷണത്തിലായിരുന്നു പൊലീസ്. വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ആറങ്ങാടിയിലെ ഷാഫിയുടെ വീട് വളഞ്ഞു. ജില്ലയിലെ മയക്കുമരുന്ന് വിപണനസംഘത്തിലെ പ്രധാനികളാണ് എന്‍.എ. ഷാഫിയും കൂട്ടാളികളുമെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്ന് വിപണനം നടത്തുന്നതായി പൊലീസ് കണ്ടെത്തി. ജില്ല പൊലീസ് മേധാവി മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ജില്ലയിലുടനീളം പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.