നവകേരള സദസ്സ്; വിയോജിപ്പ് മറികടന്ന് ഫണ്ട് അനുവദിച്ച് കാഞ്ഞങ്ങാട് നഗരസഭ
text_fieldsകാഞ്ഞങ്ങാട്: പ്രതിപക്ഷ വിയോജിപ്പ് മറികടന്ന് നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാൻ കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. യോഗത്തിൽ മൂന്നാം നമ്പർ അജണ്ടയായാണ് വിഷയം വന്നത്. നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിനും പ്രചാരണത്തിനും അതത് സംഘാടകസമിതി ആവശ്യപ്പെടുന്ന മുറക്ക് തദ്ദേശ സ്ഥാപനങ്ങൾ തനതു ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ സർക്കാർ ഉത്തരവ് പ്രതിപക്ഷം എതിർക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ക്ഷേമ പെൻഷൻപോലും ലഭിക്കാതെ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സർക്കാർ ധൂർത്തിന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നത് ധാർമികതക്ക് നിരക്കാത്തതാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.കെ. ജാഫർ അഭിപ്രായപ്പെട്ടു. കെ.കെ. ബാബു, സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, ടി. മുഹമ്മദ് കുഞ്ഞി, വി.വി. ശോഭ, ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ, ആയിഷ അഷ്റഫ്, റസിയ ഗഫൂർ, അനീസ ഹംസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രതിപക്ഷ എതിർപ്പ് രൂക്ഷമായപ്പോൾ വോട്ടിനിടാമെന്നായി ഭരണപക്ഷം. എന്നാൽ പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് ഫണ്ട് അനുവദിക്കാൻ കൗൺസിൽ തീരുമാനമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.