തടസ്സം നീങ്ങുന്നു; മേൽപാലം വരും
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ വർഷങ്ങളുടെ മുറവിളിക്കുശേഷം സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ സ്വപ്നമായ സൗത്ത് സ്കൂളിന് സമീപത്തായുള്ള മേൽപാലത്തിനുള്ള നടപടികളാരംഭിച്ചു. റെയിൽവേ എൻജിനീയർ കെ. സന്ദീപ് കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. മേൽപാലത്തിന് റെയിൽവേ പച്ചക്കൊടി കാണിച്ചതോടെ വലിയ സന്തോഷത്തിലാണ് പാളത്തിന് ഇരുവശത്തും കഴിയുന്നവർ. സ്കൂളിലെ നൂറുകണക്കിന് കുട്ടികൾ രാവിലെയും വൈകീട്ടും മറ്റു മാർഗമില്ലാത്തതിനാൽ പാളം കടക്കുന്നത് വലിയ അപകടഭീതി ഉയർത്തിയിരുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി ‘മാധ്യമം’ഉൾപ്പെടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരവധിപേർ പാളം കടക്കവെ അപകടത്തിൽ മരിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ടുപേർ അടുത്തിടെയാണ് ഇവിടെ ട്രെയിൻതട്ടി മരിച്ചത്. തീരദേശത്തുള്ളവർ ദേശീയപാത സൗത്തിലുൾപ്പെടെ എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ റെയിൽപാളമാണ്.
കാഞ്ഞങ്ങാട് നഗരസഭയുടെയും മറ്റു ജനപ്രതിനിധികളുടെയും സ്കൂൾ വികസനസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതിയുടെ നടപടി ആരംഭിച്ചത്.
തടസ്സങ്ങൾ നീങ്ങി പദ്ധതി യാഥാർഥ്യമാകുന്ന സന്തോഷത്തിലാണിപ്പോൾ വിദ്യാർഥികൾ. കാഞ്ഞങ്ങാട് നഗരസഭ വികസന ഫണ്ടുപയോഗിച്ച് റെയിൽവേയുടെ സഹായത്താൽ പദ്ധതി പെട്ടെന്ന് യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന സ്ഥലം കഴിഞ്ഞദിവസം റെയിൽവേയുടെ പ്രതിനിധി സന്ദർശിച്ചപ്പോൾ നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. ലത, കെ. പ്രഭാവതി, കെ. അനീശൻ, കൗൺസിലർ അബ്ദുറഹ്മാൻ, സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽബഷീർ, പൊതുപ്രവർത്തകരായ എ. ശബരീശൻ, കെ.വി. ദാമോദരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.