കാലപ്പഴക്കത്തിൽ നഗരസഭ പഴയ ബസ് സ്റ്റാൻഡ്
text_fieldsകാഞ്ഞങ്ങാട്: നാലുപതിറ്റാണ്ട് കാലപ്പഴക്കമുള്ള കാഞ്ഞങ്ങാട് നഗരസഭ പഴയ ബസ് സ്റ്റാൻഡ് അപകടാവസ്ഥയിൽ. വെള്ളിയാഴ്ചയും കെട്ടിടത്തിന്റെ ഭാഗം പൊട്ടിവീണ് അപകടമുണ്ടായതോടെ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. കെട്ടിടം പൊളിച്ച് ഇവിടെ പാർക്കിങ് പ്ലാസ സ്ഥാപിക്കുകയാണ് ഉചിതമെന്ന് നഗരസഭ പ്രതിപക്ഷ നേതാവും മുസ് ലിം ലീഗ് കൗൺസിലറുമായ കെ.കെ. ജാഫർ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കെട്ടിടം വലിയ അപകടാവസ്ഥയിലാണ്. കോൺക്രീറ്റ് കട്ടകൾ പൊട്ടിവീഴുന്നത് പതിവാകുന്നു.
കെട്ടിടം അപകടാവസ്ഥയിലായിരിക്കെ മുൻ നഗരസഭ ഭരണകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം സൗന്ദര്യവത്കരിച്ചത് വിമർശനത്തിന് കാരണമായിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനികരീതിയിലുള്ള പാർക്കിങ് പ്ലാസ നിർമിക്കുമെന്ന് മുൻ ചെയർമാൻ പ്രഖ്യാപിച്ചതിനൊപ്പമായിരുന്നു പഴയകെട്ടിടം അറ്റകുറ്റപ്പണി നടത്തിയത്. പഴയ ബസ് സ്റ്റാൻഡ് പാർക്കിങ് പ്ലാസയായാൽ ഉറങ്ങിക്കിടക്കുന്ന അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന് ജീവൻവെക്കുമെന്ന് പ്രതിപക്ഷമുൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, പഴയ ബസ് സ്റ്റാൻഡ് പൊളിക്കുന്നതിനോട് വ്യാപാരികൾക്ക് പൂർണയോജിപ്പില്ല. ബസ് സ്റ്റാൻഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. കംഫർട്ട് സ്റ്റേഷനിൽനിന്നും ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറിയിൽനിന്നും മാലിന്യം പൊട്ടിയൊലിച്ച് സ്റ്റാൻഡിനുള്ളിൽ തളം കെട്ടിനിൽക്കുന്നതും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.