'സ്മാര്‍ട്ട് ഗാര്‍ബേജ്' മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ
text_fieldsകാഞ്ഞങ്ങാട്: ഹരിത കര്‍മ സേനയുടെ അജൈവ പാഴ്വസ്തു ശേഖരണം ഊര്‍ജിതമാക്കാനും മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കാനും സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പുമായി കാഞ്ഞങ്ങാട് നഗരസഭ.
ഹരിതകേരളം മിഷൻെറയും ശുചിത്വ മിഷൻെറയും സഹായത്തോടെയാണ് മൊബൈല്‍ ആപ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ്വസ്തുക്കള് എത്രയാണെന്നും അവയുടെ സംസ്കരണം എങ്ങനെയാണെന്നും ഈ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വീടുകള്‍ക്ക് നല്കുന്ന ക്യു.ആര് കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്കരിച്ചതിന്റെ കണക്കുകളും ഈ ആപ്പിലൂടെ ലഭ്യമാകും.
പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി 7,63,000 രൂപ നഗരസഭ വകയിരുത്തി. ആപ്ലിക്കേഷന്‍ ആവശ്യമായ വെബ് ബേസ്ഡ് പ്രോഗ്രാം തയാറാക്കുന്നതും മോണിറ്റര്‍ ചെയ്യുന്നതും കെല്‍ട്രോണാണ്.
എല്ലാ വാര്‍ഡുകളിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സംസ്ഥാന-ജില്ലതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണവും സംസ്കരണവും സംബന്ധിച്ച വിവരങ്ങളുടെ പുരോഗതി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഹരിത കര്‍മസേനകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍, ഓഫിസ് ആവശ്യത്തിനുള്ള ലാപ്ടോപ് തുടങ്ങിയവ ലഭ്യമാക്കും. ഇതിനും കെല്‍ട്രോണിനുള്ള സര്‍വിസ് ചാര്‍ജ് നല്‍കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി തയാറാക്കിയതായി നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.