കാഞ്ഞങ്ങാട് ഒറ്റ നമ്പര്‍ ലോട്ടറി വേട്ട; ജ്വല്ലറിയുടമ അറസ്റ്റില്‍
text_fieldsകാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ ടൗണ്‍ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തിയ വന്‍ ഒറ്റ നമ്പര്‍ എഴുത്ത് ലോട്ടറി പൊലീസ് പിടികൂടി. ബസ് സ്റ്റാൻഡിനകത്ത് സ്ഥിതിചെയ്യുന്ന അര്‍ച്ചന ജ്വല്ലറിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിൽ 1,62,250 രൂപയും ഒറ്റ നമ്പര്‍ എഴുതിയ നിരവധി കടലാസുകളുമാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിയുടമ അതിയാമ്പൂര്‍ ഉദയംകുന്നിലെ ബബീഷ്(34) നെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ഡൗണ്‍ കാലത്ത് സ്വന്തം വീട്ടില്‍ വില്‍പനക്ക് സൂക്ഷിച്ചിരുന്ന കര്‍ണാടക മദ്യം പിടികൂടിയ കേസില്‍ ബബീഷിെൻറ പേരില്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ നേരത്തേ കേസുണ്ട്. ബബീഷിെൻറ ജ്വല്ലറിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനുള്ള ബ്ലാങ്ക് ചെക്കുകളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എഴുത്തു ലോട്ടറിയുമായി ബന്ധപ്പെട്ട് പണം കൈമാറിയതിനുള്ള തെളിവുകളടങ്ങിയ ഡയറികളും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിെൻറ ബലത്തില്‍ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ബബീഷും ജ്വല്ലറിയും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഇന്‍സ്പെക്ടര്‍ കെ.പി. സതീഷ് കുമാര്‍, പൊലീസുദ്യോഗസ്ഥരായ നാരായണന്‍, ദീപു മോന്‍, കമല്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ ജ്വല്ലറിക്കകത്ത് കടന്ന് ബബീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജ്വല്ലറിയില്‍ കാര്യമായി കച്ചവടമില്ലാത്ത അവസ്ഥയിലും വലിപ്പില്‍ നിന്നും 1.62 ലക്ഷം കണ്ടുകിട്ടുകയും ചെയ്തു. ജ്വല്ലറിയുടെ മറവില്‍ നാളുകളായി ബബീഷ് എഴുത്ത് ലോട്ടറി നടത്തിവരുകയായിരുന്നു.
വീടുകൾ കേന്ദ്രീകരിച്ചും ഏജൻറുമാർ
കാഞ്ഞങ്ങാട്: നഗരത്തിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി സജീവമാകുന്നു. മുംബൈയിലെ ഓൺലൈൻ ലോട്ടറികളുടെ സൈറ്റിനെ ആശ്രയിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന ലോട്ടറി വ്യാപാരത്തിൽ ദിനംപ്രതി സാധാരണക്കാരുടെ ആയിരങ്ങളാണു മറിയുന്നത്. തുണ്ടുകടലാസുകൾ െവച്ചാണു കച്ചവടം. വീടുകൾ കേന്ദ്രീകരിച്ചും ഏജൻറുമാർ പ്രവർത്തിക്കുന്നുണ്ട്. കോട്ടച്ചേരി മാർക്കറ്റ് റോഡിൽനിന്നു റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള ഇടറോഡിലെ ചില കടവരാന്തകളിലാണു പ്രധാനമായും വിൽപനക്കാർ ഇടംപിടിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ രാത്രി ഏഴുവരെയാണു കച്ചവടം. ഓരോ മണിക്കൂർ ഇടവിട്ടു ഫലം വരും. ഓരോ മണിക്കൂറിലേക്കും മാറിമാറി ടിക്കറ്റെടുക്കുന്നവരും ഉണ്ട്. ഒരു ടിക്കറ്റിന് 12 രൂപയാണ് വില. നറുക്കടിച്ചാൽ 100 രൂപ കിട്ടും. പക്ഷേ, ഓരോ മണിക്കൂറിലും പത്തും ഇരുപതും ടിക്കറ്റ് ഒന്നിച്ചെടുക്കുകയാണു പലരും. അംഗീകൃത ലോട്ടറി വ്യാപാരത്തെയും ഒറ്റ നമ്പർ ലോട്ടറി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുംബൈയിലെ ഓൺലൈൻ ലോട്ടറിയുടെ സൈറ്റ് ആരു പ്രവർത്തിപ്പിക്കുന്നുവെന്നോ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നോ ഒന്നും വ്യാപാരികൾക്ക് അറിയില്ല. അവരുമായി ഒരു ബന്ധവുമില്ലാതെയാണ് ഇവിടെ കച്ചവടം.
നഗരത്തിൽ സമാന്തര ലോട്ടറി സജീവം
കാഞ്ഞങ്ങാട്: നഗരത്തിൽ സമാന്തര ലോട്ടറി സജീവമായി. കേരള സര്‍ക്കാറിെൻറ ലോട്ടറിയുടെ മറവിലാണ് ഇത്തരം തട്ടിപ്പുകള്‍ നടന്നിരുന്നത്. ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പര്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് കാഞ്ഞങ്ങാട് നഗരത്തിലും സജീവമാണ്. ലക്ഷങ്ങള്‍ മുടക്കി എഴുത്ത് ലോട്ടറി വഴി ചൂതാട്ടം കളിക്കുന്ന ആളുകളുമുണ്ട്. കോടികളുടെ അനധികൃത പണമിടപാടാണ് ഇതുവഴി നടന്നിരുന്നത്. പ്രത്യേക ഏജൻറുമാരും ഇതിനായി പ്രവര്‍ത്തിക്കുന്നു. അതീവ രഹസ്യമായാണ് ഇടപാടുകള്‍. കേരള സംസ്ഥാന ലോട്ടറി, അന്യസംസ്ഥാന ലോട്ടറികളായ ഡിയർ, കുയിൽ, നാഗാലൻഡ് ലോട്ടറി എന്നിവയുടെ ഫലം വരുന്ന ദിവസങ്ങളിൽ അവസാനത്തെ മൂന്ന് അക്കങ്ങൾ ആവശ്യമുള്ളവർ പ്രവചിക്കുകയാണ് ചെയ്യുന്നത്. ഒരു പ്രവചനത്തിന് 10 രൂപയാണ് ഈ സംഘം ഈടാക്കുന്നത്. ഒരാൾക്ക് 10 രൂപയുടെ എത്ര പ്രവചനം വേണമെങ്കിലും നടത്താം. ഇങ്ങനെ പ്രവചനം നടത്തുന്ന ലോട്ടറികളുടെ ഫലം കൃത്യമായാൽ ഒന്നാം സമ്മാനത്തിന് 5000 രൂപയും രണ്ടാം സമ്മാനത്തിന് 250 രൂപയും മൂന്നാം സമ്മാനത്തിന് 100 രൂപയുമാണ് പ്രതിഫലം നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.