കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം ഇഴയുന്നു
text_fieldsകാഞ്ഞങ്ങാട്: പണി തുടങ്ങി വര്‍ഷം പൂര്‍ത്തിയായിട്ടും കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം ഇഴഞ്ഞുനീങ്ങുന്നത് ദുരിതമാകുന്നു. കരാറുകാരന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. പൂടംകല്ല് മുതല്‍ പാണത്തൂര്‍ ചിറംകടവ് വരെ 18 കി.മീറ്റര്‍ റോഡ് വീതി കൂട്ടി വളവ് നികത്തി മെക്കാഡം ടാറിങ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 60 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥ കാരണം 12 മാസത്തിനകം ടാറിങ് പൂര്‍ത്തിയാക്കിയത് നാല് കി.മീറ്റര്‍ മാത്രമാണ്. പല സ്ഥലങ്ങളിലും റോഡ് വീതി കൂട്ടാതെയും വളവ് നികത്താതെയുമാണ് പണി പൂർത്തിയാക്കിയത്. ടാറിങ് കഴിഞ്ഞ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഓട ഇതുവരെ നിര്‍മിച്ചിട്ടില്ല.
ഒരുവര്‍ഷം മുമ്പ് ആരംഭിച്ച കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പലയിടത്തും റോഡ് പൊളിച്ചതു കാരണം വാഹനയാത്ര ദുഷ്കരമാണ്. മഴയിൽ റോഡ് ചളിക്കുളമായി മാറും. റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും സംസ്ഥാനപാതയിലെ വളവുകള്‍ നികത്തി പുറമ്പോക്ക് ഭൂമിയെടുത്ത് വീതി കൂട്ടണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. വൈദ്യുതി തൂണ് മാറ്റിസ്ഥാപിച്ചതിലും പരാതി ഉയർന്നു. റോഡ് വക്കിലേക്ക് തന്നെ വൈദ്യുതി തൂണ് വീണ്ടും മാറ്റിയെന്ന് ആക്ഷേപവുമുണ്ട്. പണി വൈകിയാല്‍ സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
റോഡ് പണി വേഗത്തിൽ പൂർത്തിയാക്കണം -സി.പി.എം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.എം രാജപുരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ശക്തിപകരുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉൾപെടുത്തി 60 കോടി രൂപ അനുവദിച്ചത്. സി.പി.എം ഉൾപെടെ ശക്തമായ ഇടപെടല്‍ നടത്തിയാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്.
എന്നാല്‍, കരാറുകാരന് ഉദാസീനത കാണിക്കുകയാണ്. ഇതുമൂലം സംസ്ഥാന സര്‍ക്കാറിനെയും മറ്റും കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ടാറിങ് കുത്തിപ്പൊളിച്ചു ടാര്‍ ചെയ്യാന്‍ ബാക്കിയുള്ള മൂണ്ടോട്ട് മുതല്‍ കള്ളാര്‍ വരെയുള്ള ഭാഗങ്ങളില്‍ മഴ മാറിയയുടന്‍ ടാറിങ് ആരംഭിക്കണം. റോഡിന് ആവശ്യമായ വീതി കൂട്ടി വൈദ്യുതി തൂണുകള്‍ പുറമ്പോക്ക് സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മാറ്റിയിടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ചു ശക്തമായ ഇടപെടല്‍ നടത്തണം. ഇല്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കുമെന്ന് ലോക്കല്‍ സെക്രട്ടറി എ.കെ. രാജേന്ദ്രന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.