കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ; റെയിൽവേ വരുമാനം കുറച്ചുകാണിക്കാൻ നീക്കം
text_fieldsകാഞ്ഞങ്ങാട്: പ്രധാന റെയിൽവേ സ്റ്റേഷനായ കാഞ്ഞങ്ങാടിന്റെ വരുമാനം കുറച്ചു കാണിച്ച് സൗകര്യങ്ങൾ പരിമിതപ്പെടുത്താൻ നീക്കമെന്ന് ആക്ഷേപം. ഇവിടെ ഒരേസമയം രണ്ട് ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നായി കുറച്ചു. തത്സമയ ടിക്കറ്റുകൾ നൽകാനും റിസർവേഷനുമായി ഒരു കൗണ്ടർ മതിയെന്നതാണ് പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശമെന്നാണ് ആക്ഷേപം.
ഇതുപ്രകാരം ഒരു ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇപ്പോൾ മുഴുസമയവും പ്രവർത്തിക്കുന്നത്. രാവിലെ തൽകാൽ ടിക്കറ്റുകൾ നൽകാൻ മാത്രമാണ് രണ്ടാമത്തെ ടിക്കറ്റ് കൗണ്ടറുള്ളത്. ടിക്കറ്റ് റിസർവേഷനും സീസൺ ടിക്കറ്റുകൾ നൽകുന്നതും സാധാരണ യാത്ര ടിക്കറ്റുകൾ നൽകുന്നതും ഒരു കൗണ്ടറിലൂടെ മാത്രമാണ്.
തത്സമയ യാത്ര ടിക്കറ്റുകൾക്ക് എ.ടി.വി.എം മെഷീനുകൾ ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം. റെയിൽവേയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് കമീഷൻ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനകത്ത് ടിക്കറ്റ് നൽകാനുള്ള എ.ടി.വി.എം മെഷീനുകൾ നൽകുന്നത്. കാഞ്ഞങ്ങാട് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തായി ഇപ്പോൾ രണ്ട് എ.ടി.വി.എം മെഷീനുകളുണ്ട്. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലും എ.ടി.വി.എം സ്ഥാപിച്ച് ടിക്കറ്റുകൾ നൽകാനാണ് ഇപ്പോഴത്തെ നീക്കം.
കൗണ്ടറുകളിൽ ജീവനക്കാരെ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പരാതി. ഇപ്രകാരം ഇൻഫർമേഷൻ സെന്റർ അടച്ചുപൂട്ടിയും കുറെ ജീവനക്കാരെ കുറച്ചിട്ടുണ്ട്. റെയിൽവേ കൗണ്ടറിൽ തന്നെ ഒരാളെ ഇരുത്തി ഇൻഫർമേഷൻ പരിമിതപ്പെടുത്തിയതാണ് മറ്റൊരു പരിഷ്കരണം.
ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകളനുവദിക്കാതെയും ഉണ്ടായിരുന്ന സ്റ്റോപ്പുകൾ തന്നെ നിർത്തലാക്കിയും വരുമാനം കുറക്കുന്നതാണ് മറ്റൊന്ന്. ഇത്തവണ കാഞ്ഞങ്ങാട് സ്റ്റോപ്പനുവദിക്കാതെ തൊട്ടടുത്തുള്ള പ്രാധാന്യമില്ലാത്ത ഒരു സ്റ്റേഷനിലാണ് സ്പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ് നൽകിയതെന്ന് പരാതി ഉയർന്നു. കോവിഡ് കാലത്ത് നിർത്തിയ മംഗള എക്സ്പ്രസിന്റെ സ്റ്റോപ്പും ഇപ്രകാരം മറ്റൊരിടത്ത് അനുവദിച്ച് കാഞ്ഞങ്ങാട്ടു നിന്നുള്ള യാത്രക്കാരെ റെയിൽവേ ബുദ്ധിമുട്ടിക്കുകയാണ്. സൗകര്യങ്ങൾ വെട്ടിക്കുറച്ചും ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ് നിഷേധിച്ചും കാഞ്ഞങ്ങാടിനോടുള്ള അവഗണന അവസാനിപ്പിക്കുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ സന്നദ്ധമാകുമെന്ന് കാഞ്ഞങ്ങാട് നഗര വികസനസമിതി ജന. കൺവീനറും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ സി.കെ. ആസിഫ് പറഞ്ഞു. കർമസമിതി യോഗം ഉടൻ ചേർന്ന് ഭാവിപരിപാടികൾ ആവിഷ്കരിക്കുമെന്ന് ആസിഫ് അറിയിച്ചു.
റെയിൽവേക്ക് കാഞ്ഞങ്ങാട് സ്റ്റേഷൻ നൽകുന്ന വരുമാനത്തിനനുസൃതമായി നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പകരം ഉള്ള സൗകര്യംപോലും നിഷേധിക്കുന്നത് തികഞ്ഞ അവഗണനയും അനീതിയുമാണെന്നും ടിക്കറ്റ് കൗണ്ടറുകളും ഇൻഫർമേഷൻ സെന്ററും പൂർണ സജ്ജമാക്കണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.