കാഞ്ഞങ്ങാട്ട് ഗതാഗത സംവിധാനം തകർന്നു
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക് സംവിധാനം തകർന്നു. നഗരത്തിൽ പലയിടത്തും മിക്കസമയങ്ങളിലും ഗതാഗതക്കുരുക്കാണ്. തോന്നുംപോലെയാണ് നഗരത്തിലെ പാർക്കിങ്. ട്രാഫിക് ഡ്യൂട്ടിയിൽ പൊലീസുകാരെ കാണാനേയില്ല. ഏതാനും ഹോംഗാർഡുകൾ മാത്രമാണ് തിരക്കേറിയ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടിക്കുള്ളത്. ഇവരാവട്ടെ പൊരി വെയിലിൽനിന്ന് വിയർക്കുന്നത് പതിവുകാഴ്ചയുമാണ്. രോഗികളുമായി മംഗളൂരുവിലേക്കും പരിയാരത്തേക്കുംപോകുന്ന ആംബുലൻസുകൾപോലും ടൗണിലെ കുരുക്കിൽപ്പെടുകയാണ്.
സർവിസ് റോഡുകൾ ഉൾപ്പെടെ കൈയേറിയാണ് പാർക്കിങ്. അതേസമയം, കോട്ടച്ചേരി പെട്രോൾപമ്പിന് മുന്നിൽമാത്രം പാർക്കിങ് നിരോധിച്ച് ആറു മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. രൂക്ഷമായ തിരക്കുള്ള സ്ഥലത്തുപോലും ‘നോ പാർക്കിങ്’ ബോർഡ് സ്ഥാപിക്കാത്തിടത്താണ് പമ്പിന് മുന്നിൽ കൂട്ടത്തോടെ പൊലീസിന്റെ ‘നോ പാർക്കിങ്’ ബോർഡ്.
കോട്ടച്ചേരിയിലടക്കം പലസ്ഥലങ്ങളിലും സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല. തുടക്കത്തിൽ പ്രവർത്തിപ്പിച്ചവ എതിർപ്പുകളെത്തുടർന്ന് എന്നെന്നേക്കുമായി കണ്ണടച്ചു. സോളാർ സംവിധാനത്തിലുള്ള സിഗ്നൽ ലൈറ്റുകളിൽ മിക്കവയും വണ്ടിയിടിച്ച് തകരുകയോ കണ്ണുചിമ്മുകയോ ചെയ്തു. പഴയ എൽ.ഐ.സി ഓഫിസ് പരിസരത്ത് വലിയ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാവിലെ മുതൽ രാത്രി വൈകുംവരെ നിർത്തിയിടുന്നത് സർവിസ് റോഡിലുണ്ടാക്കുന്ന ഗതാഗത കുരുക്ക് ചില്ലറയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.