നഗരസഭ മത്സ്യമാർക്കറ്റ് നാറുന്നു; മൂക്കുപൊത്തി മീൻ വിൽപനക്കാർ
text_fieldsകാഞ്ഞങ്ങാട്: നഗരസഭയുടെ കോട്ടച്ചേരിയിൽ സ്ഥിതി ചെയ്യുന്ന മത്സ്യമാർക്കറ്റ് നാറുന്നു. മാർക്കറ്റ് ശുചീകരണം മുടങ്ങിയിട്ട് ദിവസങ്ങളായി. മത്സ്യ വിൽപനക്കാരും മീൻ വാങ്ങാനെത്തുന്നവരും മൂക്കുപൊത്തിയാണ് നിൽക്കുന്നത്. മോട്ടോർ തകരാറായതിനെ തുടർന്ന് മൂന്ന് ദിവസത്തിലേറെയായി ശുചീകരണ പ്രവൃത്തികൾ മുടങ്ങിയിരിക്കുകയാണ്. രോഗം പരത്തുന്ന കേന്ദ്രമായി മാർക്കറ്റ് മാറിയെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പേർക്ക് ഡെങ്കിപനി റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. മാർക്കറ്റിൽ വെള്ളമില്ലാതായതോടെ ശുചിമുറികൾ ഉപയോഗിക്കാൻ പറ്റാതായി.
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മലിനജല ശുചീകരണ പ്ലാന്റ് പ്രവർത്തിപ്പിക്കാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. മാലിന്യം റോഡിലൂടെ ഒഴുകിപ്പോകുന്നത് കാൽനടക്കാർക്ക് ദുരിതമായി. മോട്ടോർ നന്നാക്കിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെങ്കിലും പരിഹാരം നീളുകയാണ്. മാർക്കറ്റിന്റെ അകത്തും പുറത്തും മലിനജലം തളംകെട്ടി നിൽക്കുന്ന അവസ്ഥയാണ്.
മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നിരവധി തവണ കൗൺസിലിൽ ആവശ്യമുന്നയിച്ചിട്ടും ഭരണസമിതിക്ക് അനങ്ങാപ്പാറ നയമാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. മാർക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി ലീഡർ കെ.കെ. ജാഫർ പറഞ്ഞു. കെ.കെ. ബാബു, സെവൻ സ്റ്റാർ അബ്ദുൽ റഹിമാൻ, ടി. മുഹമ്മദ് കുഞ്ഞി, വി.വി. ശോഭ, ടി.കെ. സുമയ്യ, സി.എച്ച്. സുബൈദ, ആയിഷ അഷ്റഫ്, റസിയ ഗഫൂർ, അനീസ ഹംസ എന്നിവർ മത്സ്യമാർക്കറ്റ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.