കാപ്പ പ്രതി മയക്കുമരുന്നുമായി പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മയക്കുമരുന്നുമായി പിടിയിലായ രണ്ടു പേരിൽ ഒരാൾ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി. കൂട്ടുപ്രതി ജമാഅത്ത് കമ്മിറ്റിയുടെ നടപടിക്ക് വിധേയമായ ആളും.
വ്യാഴാഴ്ച രാത്രി മയക്കുമരുന്നുമായി പിടിയിലായ ഏഴാംമൈൽ പറക്കളായിയിലെ ബി. റംഷീദ് എന്ന കിച്ചുവിനെ (30) മാസങ്ങൾക്ക് മുമ്പ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.
ഹോസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കുമരുന്ന് കടത്ത് അടക്കം അഞ്ചിലധികം കേസിൽ പ്രതിയായതിനെ തുടർന്നാണ് റംഷീദിനെ നാടുകടത്തിയത്. കാറിൽ മയക്കുമരുന്നുമായി സഞ്ചരിക്കവേ പടന്നക്കാടുവെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷനും സംഘവുമാണ് റംഷീദിനെയും മൂന്നാംമൈലിലെ ടി.എം. സുബൈറിനെയും പിടികൂടിയത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സുബൈറിനെതിരെ മൂന്നു മാസം മുമ്പ് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റി നടപടി സ്വീകരിച്ചിരുന്നു. പ്രതികളിൽനിന്ന് 1.880 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. പൊലീസ് സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബൂബക്കർ കല്ലായി, പൊലീസുകാരായ നികേഷ്, ജിനേഷ് എന്നിവരുമുണ്ടായിരുന്നു.
പൊലീസ് നാടുകടത്തിയ റംഷീദ് ജില്ലയിൽ തന്നെ കഴിഞ്ഞിരുന്നതായി വ്യക്തമായതോടെ പ്രതിക്കെതിരെ അമ്പലത്തറ പൊലീസ് ഇത് സംബന്ധിച്ച് മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.