കൊയ്ത്തുത്സവത്തിന്റെ ആവേശത്തിൽ കാരാട്ട് വയല്‍ പാടശേഖരം
text_fieldsകാഞ്ഞങ്ങാട്: കൊയ്ത്തുൽസവത്തിന് കാഞ്ഞങ്ങാട് കാരാട്ട് വയല്‍ പാടശേഖരത്തില്‍ തുടക്കം. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കാഞ്ഞങ്ങാട് ഞാറ്റുവേല കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പിലാക്കിയ കൊയ്ത്തുൽസവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ മുഖ്യാതിഥിയായി. ഏഴു വര്‍ഷമായി ഗവേഷണ കേന്ദ്രം നടത്തിവരുന്ന ഈ സംരംഭത്തിലൂടെ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പരിശീലനം നല്‍കി വരുന്നു.
ഈ വര്‍ഷം കാഞ്ഞങ്ങാട് നഗരസഭയെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. കാരാട്ട് വയല്‍ പാടശേഖരത്തില്‍ പരിശീലനാർഥികളെക്കൊണ്ട് അഞ്ചേക്കര്‍ സ്ഥലത്ത് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ജൈവ നെല്ലിനമായ ഏഴോം- 2 വിത്ത് ഉപയോഗിച്ച് ജൈവകൃഷി മിഷനിലൂടെയാണ് കൃഷി പൂര്‍ത്തീകരിച്ചത്. നവംബര്‍ ആദ്യവാരം ആരംഭിച്ച ഈ പരിശീലന പരിപാടി എട്ടോളം ഘട്ടങ്ങളായി കൊയ്ത്തുവരെയുള്ള വിവിധ സമയങ്ങളില്‍ പൂര്‍ത്തീകരിച്ചു.
ഉത്തരമേഖല ഗവേഷണ വിഭാഗം മേധാവി പ്രഫ. ഡോ. ടി. വനജ ക്ലാസെടുത്തു. കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം അസി. പ്രഫ. എസ്. അനുപമ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് നഗരസഭ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ. ലത, കൗൺസിലര്‍ പി.കെ. വീണ, കാഞ്ഞങ്ങാട് കൃഷി അസി. ഡയറക്ടര്‍ ഡോ.പി.ടി. ഷീബ, കാഞ്ഞങ്ങാട് കൃഷി ഓഫിസര്‍ കെ. മുരളീധരന്‍, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ മൈനര്‍ ഇറിഗേഷന്‍ എ.എക്‌സ്.ഇ എ.പി സുധാകരന്‍, കാഞ്ഞങ്ങാട് നഗരസഭ സംയുക്ത പാടശേഖര സമിതി സെക്രട്ടറി സുശാന്ത്, കാരാട്ട് വയല്‍ പാടശേഖരസമിതി സെക്രട്ടറി പി. അനീസ് എന്നിവര്‍ സംസാരിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി സ്വാഗതവും ഞാറ്റുവേല കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ കെ. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.