പൊന്നിൻ ചിങ്ങത്തെ വരവേറ്റ് കർക്കടക തെയ്യങ്ങളെത്തി
text_fieldsകാഞ്ഞങ്ങാട്: കര്‍ക്കടക സംക്രമ ദിനത്തില്‍ കര്‍ക്കടക തെയ്യങ്ങള്‍ മഡിയന്‍ കൂലോം ക്ഷേത്ര പാലകനീശ്വര ക്ഷേത്ര സന്നിധിയില്‍ സംഗമിച്ചശേഷം ക്ഷേത്ര പരിധിയിലെ തറവാടുകളിലേക്കും വീടുകളിലേക്കും സഞ്ചാരം നടത്തി. പഞ്ഞമാസത്തിലെ ആധികളും വ്യാധികളും മാറ്റാനെന്ന ഐതീഹ്യ പെരുമയോടെയാണ് കര്‍ക്കടക തെയ്യങ്ങള്‍ നാട്ടുവഴികളിലൂടെ സഞ്ചാരം നടത്തുന്നത്.
കര്‍ക്കടക സംക്രമ ദിനത്തില്‍ ആടിയും വേടനും ഗളിഞ്ചനും മഡിയന്‍ കൂലോം ക്ഷേത്ര പാലകനീശ്വര ക്ഷേത്ര സന്നിധിയിലെത്തിയ ശേഷമാണ് ക്ഷേത്ര പരിധിയിലെ തറവാടുകളിലേക്കും വീടുകളിലേക്കും സഞ്ചാരം നടത്തിയത്. മലയന്‍, വണ്ണാന്‍, നാല്‍ക്കത്തായ സമുദായത്തിലെ ഇളം തലമുറക്കാരാണ് കര്‍ക്കടക തെയ്യം കെട്ടിയാടിയത്. ചെണ്ടമേളത്തോടെ വാദ്യക്കാരന് പാടുന്ന വേടന്‍പാട്ടിന്റെ താളത്തില്‍ തെയ്യമാടിയപ്പോള് വീടുകളിലെ ദോഷങ്ങള്‍ മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
പാശുപതാസ്ത്രം ലഭിക്കാന്‍ തപസ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാനായി ശിവപാർവതിമാര്‍ വേടരൂപത്തില്‍ പ്രത്യക്ഷപ്പെട്ട കിരാതകഥയാണ് ആടി, വേടന്, ഗളിഞ്ചന്‍ എന്നീ കര്‍ക്കടകത്തെയ്യങ്ങളുടെ ഇതിവൃത്തം. വേടന് ശിവരൂപവും ആടി പാർവതീ രൂപവും ഗളിഞ്ചന്‍ അര്‍ജുനനും എന്നാണ് സങ്കല്പം. കൈമണികള്‍ കിലുക്കി വീടിന്റെ പടി കടന്നെത്തിയ കര്‍ക്കടക തെയ്യങ്ങളെ നിലവിളക്കേന്തി നാടും വീടും സ്വീകരിച്ചു.
ഓരോ വീടുകളിലും കയറിയിറങ്ങി അനുഗ്രഹം ചൊരിഞ്ഞ് കര്‍ക്കടക തെയ്യങ്ങള്‍ മടങ്ങി. ഇനി അടുത്ത വര്‍ഷത്തിലെ കര്‍ക്കിടകമാസത്തില്‍ കുട്ടിത്തെയ്യങ്ങള്‍ ഗ്രാമസഞ്ചാരം നടത്താന്‍ തിരികെയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.