ലക്ഷത്തോളം രൂപ സ്വരൂപിച്ചു; ഈ യാത്ര വെറുതെയല്ല...
text_fieldsകാഞ്ഞങ്ങാട്: കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാത്വിമാസ് ബസിലാണ് കാസര്‍കോട്ടെ മൂന്നു വയസ്സുകാരി ഫാത്തിമത്ത് മുംതാസായിയും മാതാപിതാക്കളും സ്ഥിരമായി തലശ്ശേരി കാന്‍സര്‍ സെന്ററിലേക്ക് പോകാറുള്ളത്. ഇത് ശ്രദ്ധയില്‍പെട്ട് കണ്ടക്ടര്‍ കാര്യം തിരക്കിയപ്പോഴാണ് മകൾ രക്താര്‍ബുദം ബാധിച്ച് ഒരുവര്‍ഷമായി തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണെന്ന വിവരം മാതാപിതാക്കള്‍ പറയുന്നത്. പിന്നീടങ്ങോട്ട് ഈ കുടുംബത്തിന് ബസില്‍ സൗജന്യയാത്രയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇവരുടെ സാമ്പത്തിക സ്ഥിതിയെപ്പറ്റി അറിയാന്‍ സാധിച്ചത്. ഇതു മനസ്സിലാക്കിയ കണ്ടക്ടര്‍ ഫാത്വിമാസ് ട്രാവല്‍സ് ഉടമ സലീമുമായി ബന്ധപ്പെട്ടു. തുടർന്ന് തങ്ങളുടെ രണ്ട് ബസുകളിൽ കാരുണ്യയാത്ര നടത്താൻ അവർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ആ കാരുണ്യയാത്ര നന്മ വറ്റാത്ത മാതൃകയായി.
ഫാത്വിമാസ് ട്രാവല്‍സിന്റെ കണ്ണൂര്‍-കാസര്‍കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസും കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുമാണ് നന്മക്കായി കൈകോര്‍ത്തത്. സ്വകാര്യ ബസ് ജീവനക്കാരില്‍നിന്നും നാട്ടുകാരില്‍നിന്നും നല്ല സഹകരണം ലഭിച്ചതിനാല്‍ ലക്ഷത്തോളം വരുന്ന തുക സ്വരൂപിക്കാന്‍ സാധിച്ചുവെന്നും ജീവനക്കാർ പറഞ്ഞു. ഇതില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡില്‍നിന്നുമാണ് ഏറ്റവും മികച്ച സഹകരണമെന്നും ജീവനക്കാര്‍ പറഞ്ഞു. കാരുണ്യയാത്രയുമായി സഹകരിച്ച എല്ലാ സ്വകാര്യ ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഫാത്വിമാസ് ട്രാവല്‍സ് നന്ദി പറഞ്ഞു. തുക തലശ്ശേരി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കണ്ണൂരില്‍വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഫാത്വിമാസ് ട്രാവല്‍സ് ഓണര്‍ സലീം, കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ഇത്തരം കാരുണ്യയാത്രകള്‍ നടത്തുന്ന ഏതാനും സ്വകാര്യ ബസുകളുണ്ട്. ഇവരെല്ലാം സമൂഹത്തിന് മാതൃകയാകുകയാണ്. നിരാലംബരുടെ കണ്ണീരൊപ്പാന്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന ഇത്തരം മഹത്തായ സംഭാവനയെയും യാത്രക്കാരെ ചേര്‍ത്തുപിടിക്കാനുള്ള മനോഭാവത്തെയും യാത്രക്കാര്‍ നല്ല രീതിയിലുള്ള പിന്തുണയോടെയാണ് സ്വീകരിക്കുന്നത്.
യാത്രക്കാരില്‍നിന്ന് സ്വരൂപിച്ച തുക കൂടാതെ ജീവനക്കാരും അവരുടെ ദിവസവേതനം സംഭാവന ചെയ്തിരുന്നു. തങ്ങളുടെ സ്ഥിതിയറിഞ്ഞ് സഹായിച്ച യാത്രക്കാരും സ്വകാര്യ ബസ് ജീവനക്കാരും കാരുണ്യയാത്രക്ക് കാരണക്കാരനായി സഹായിച്ച കണ്ടക്ടര്‍ സത്താര്‍, ഫാത്വിമാസ് ട്രാവല്‍സ് ഉടമ സലീം എന്നിവരും കുടുംബത്തിന് വലിയ ആശ്വാസമാണ് ഈ കാരുണ്യപ്രവൃത്തിയിലൂടെ പകർന്നുനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.