ഓൺലൈൻ കെണിയിൽ കാസർകോട് ജില്ല; നിത്യേന നിരവധി കേസുകൾ
text_fieldsകാഞ്ഞങ്ങാട്: ഓൺലൈൻ കെണിയിൽ കുടുങ്ങി ജില്ല. ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നത് നിത്യസംഭവമായി. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ ഗ്രാമങ്ങളിലേക്കും വ്യത്യസ്ത രീതിയിലുള്ള തട്ടിപ്പുകൾ നടക്കുകയാണ്. വായ്പയും സമ്മാനങ്ങളും ജോലിയും ലാഭവിഹിതവും പ്രതീക്ഷിക്കുന്നവർക്ക് ഒറ്റ ക്ലിക്കിൽ നഷ്ടപ്പെട്ടിരിക്കുന്നത് ലക്ഷങ്ങളാണ്. അരലക്ഷം മുതൽ 10 ലക്ഷം വരെയാണ് പലർക്കും നഷ്ടപ്പെട്ടത്.
കഴിഞ്ഞദിവസങ്ങളിലായി ചന്തേര അമ്പലത്തറ, ചിറ്റാരിക്കാൽ, മേൽപറമ്പ, നീലേശ്വരം, ഹോസ്ദുർഗ്, ബേക്കൽ സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു. മേൽപറമ്പ പൊലീസിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ മാസം മാത്രം അഞ്ചോളം കേസുകൾ മേൽപ്പറമ്പ് സ്റ്റേഷനിൽ മാത്രമുണ്ട്.
ലോണിനായി ആപ് ഡൗൺലോഡ് ചെയ്ത യുവാവിന് വിവിധ നമ്പറുകൾ വഴി സന്ദേശങ്ങൾ വന്നതിനു പിന്നാലെയാണ് അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. ഏഴാംമൈൽ നേരം കാണാതടുക്കം കായലടുക്കം ഹൗസിൽ തസ്റിഫി (33)ന്റെ പണമാണ് അജ്ഞാതർ തട്ടിയത്.
ലോണിനു വേണ്ടി ധാനി എന്ന ആപ്പാണ് ഡൗൺലോഡ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം 19നാണ് ആപ് ഇൻസ്റ്റാൾ ചെയ്തത്. തസ്റിഫിനെ 7501359521 എന്ന നമ്പറിൽനിന്ന് വിളിച്ചും, 8961802377 എന്ന നമ്പറിലുള്ള വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്തും വായ്പയുടെ കാര്യം വിശ്വസിപ്പിച്ചു. 19,20 തീയതികളിൽ 9040687805, 8539085689 എന്നീ നമ്പറുകളിലേക്കാണ് ഗൂഗ്ൾ പേ വഴി 58,560 രൂപ അയപ്പിച്ചത്.
എസ്.ബി.ഐ കാഞ്ഞങ്ങാട് ശാഖയിലെ തസ്റിഫിന്റെ അക്കൗണ്ടിൽനിന്നാണ് പണം തട്ടിയത്. അമ്പലത്തറ പൊലീസ് കേസെടുത്തു. ഓല സ്കൂട്ടർ കമ്പനിയുടെ സ്റ്റാഫ് ആണെന്ന് പറഞ്ഞു തൃക്കരിപ്പൂർ എളമ്പച്ചി പുറപ്പാട്ട് ഖദീജ മൻസിലിലെ മുഹമ്മദ് അഷറഫി (55) നെ കബളിപ്പിച്ചാണ് പണം തട്ടിയത്.
ഒരു വർഷം മുമ്പാണ് സംഭവം നടന്നതെങ്കിലും പരാതി നൽകിയത് കഴിഞ്ഞദിവസമാണ്. 9040166 384 എന്ന നമ്പറിൽനിന്ന് വിളിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ചാണ് വാഹനം ബുക്ക് ചെയ്യാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്.
അതിനിടെ അക്കൗണ്ട് വഴി 46999 രൂപ അയപ്പിക്കുകയും ചെയ്തു. രണ്ടു തവണകളായാണ് പണം തട്ടിയെടുത്തത്. മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു. 25 ലക്ഷം ഡോളറിന്റെ സമ്മാനം വാഗ്ദാനം ചെയ്ത് ലണ്ടനിലെ ഡോക്ടറും ഭാര്യയും ചമഞ്ഞ സംഘം യുവതിയുടെ ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് തട്ടിയത്. പാലാവയൽ ഓടക്കൊല്ലിലെ ഉഷ രാജു (48) വാണ് തട്ടിപ്പിനിരയായത്. 1,18,500 രൂപയാണ് ഉഷക്ക് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ലണ്ടനിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പ്. പിന്നീട് ഡൽഹി എയർ പോർട്ടിൽ നിന്നാണെന്ന് പറഞ്ഞ് മമതയെന്ന സ്ത്രീയും വിളിച്ചു. അവരെയും, ഉഷയുടെ 25 ലക്ഷം ഡോളറിന്റെ സമ്മാനവും എയർപോർട്ട് അതോറിറ്റി തടഞ്ഞുവെച്ചിട്ടുണ്ടെന്നും സമ്മാനവും വിട്ടുകിട്ടാൻ പണം അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏഴിന് ഉഷ പണം അയച്ചു കൊടുത്തു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. മേൽപ്പറമ്പിലും സമാന രീതിയിലുള്ള തട്ടിപ്പിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ചെമ്പിരിക്കയിൽ യുവതിയുടെ പരാതിയിലാണ് കേസ്. ഗൂഗ്ൾ മാപ്പിങ് ജോലി ഓൺലൈനിൽ ചെയ്യാമെന്ന് പറഞ്ഞ് പ്രീപെയ്ഡ് ടാസ്കിന്റെ പേരിൽ അഞ്ചര ലക്ഷം രൂപയാണ് തട്ടിയത്. തിരികെ 1400 രൂപ നൽകിയെങ്കിലും അടച്ച തുകയോ വാഗ്ദാനം ചെയ്ത ജോലിയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
മേൽപറമ്പിൽ ലോണിന് ആവശ്യപ്പെട്ട യുവാവിന് പോയത് ഒരു ലക്ഷം രൂപയാണ്. വാട്സ്ആപ്പിൽ മെസേജ് അയച്ചും ഫോണിൽ നേരിട്ട് വിളിച്ചും ഒ.ടി.പി തരപ്പെടുത്തിയുമാണ് മിക്ക തട്ടിപ്പുകളും. പൊലീസ് സൈബർ കുറ്റത്തിന് കേസെടുക്കുന്നുണ്ടെങ്കിലും അന്വേഷണത്തിന്റെ അവസാനം കാണാറില്ല. ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പ് വാർത്തകൾ പുറത്ത് വരുമ്പോഴും പുതിയ ആളുകൾ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ വീഴുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.