അന്തർ സർവകലാശാല വടംവലി; കിരീടനേട്ടത്തിന് ചുക്കാൻപിടിച്ചത് കാസർകോട്ടുകാർ
text_fieldsകാഞ്ഞങ്ങാട്: കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന അന്തർ സർവകലാശാല വടംവലി മത്സരത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റിയെ ചാമ്പ്യന്മാരാക്കുന്നതിൽ ചുക്കാൻപിടിച്ചത് പരിശീലകരായ കാസർകോട്ടുകാർ. കണ്ണൂർ സർവകലാശാലയെ ഓവറോൾ ചാമ്പ്യന്മാരാക്കിയത് കാസർകോട് ജില്ലയിലെ കോട്ടപ്പാറ സ്വദേശിയായ ബാബുവും വെള്ളച്ചാൽ സ്വദേശിയായ രതീഷുമാണ്. കഴിഞ്ഞ വർഷം കിരീടം നേടിയ കാലിക്കറ്റ് സർവകലാശാലയുടെ പരിശീലകനും ബാബു കോട്ടപ്പാറയായിരുന്നു.
കഴിഞ്ഞ വർഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ കിരീടം ചൂടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പരിശീലകനായിരുന്നു ബാബു കോട്ടപ്പാറ. അഞ്ചു വർഷമായി കണ്ണൂർ യൂനിവേഴ്സിറ്റി പരിശീലകനാണ് രതീഷ് വെള്ളച്ചാൽ. 20 വർഷമായി ഇരുവരും വടം വലിയുടെ ഭാഗമായിട്ടുണ്ട്. കേരള വടംവലി അസോസിയേഷൻ പരിശീലക വേഷം 2016 മുതലാണ് ആരംഭിച്ചത്. പഞ്ചാബിലെ പാട്യാലയിൽ മൂന്നു വർഷം മുമ്പ് നടന്ന ദേശീയ വടംവലി മത്സരത്തിൽ കേരളത്തിന്റെ മുഖ്യ പരിശീലകർ ഇവരായിരുന്നു.
പിന്നീട് തുടർന്നുള്ള വർഷങ്ങളിൽ ഇരുവരുടെ പരിശീലനത്തിൽ കേരളം നിരവധി തവണ കിരീടം നേടിയിട്ടുണ്ട്. വെള്ളച്ചാൽ സ്പോർട്സ് ക്ലബിന്റെ വടംവലി താരമായിരുന്നു രതീഷ്. കോട്ടപ്പാറ ശ്യാം പ്രസാദ് മുഖർജി ക്ലബ്ബിന്റെ താരമായിരുന്നു ബാബു കോട്ടപ്പാറ.
സ്പിന്നിങ് മിൽ തൊഴിലാളിയാണ് രതീഷ്. കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകനാണ് ബാബു. വടംവലിയെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുകയും അതിലൂടെ ജനകീയ കായിക മാമാങ്കമാക്കി അതിനെ മാറ്റിയെടുക്കാനാണ് വരും വർഷങ്ങളിലെ പ്രയത്നമെന്നും ഇരുവരും മാധ്യമത്തോട് പറഞ്ഞു.
കണ്ണൂർ സർവകലാശാലാ മാങ്ങാട്ട് പറമ്പ് കാമ്പസിൽ െവച്ച് നടന്ന അഖിലേന്ത്യ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ ഇൻഡോറിൽ പുരുഷ വനിതാ മിക്സഡ് കിരീടവും ഔട്ട്ഡോർ വിഭാഗത്തിൽ പുരുഷവിഭാഗം കിരീടവും, വനിത വിഭാഗം രണ്ടാം സ്ഥാനവും മിക്സഡ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കണ്ണൂർ കരസ്ഥമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.