സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറി -മന്ത്രി
text_fieldsകാഞ്ഞങ്ങാട്: കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കൈറ്റ് ബീച്ച് പാർക്കിന് സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഹോസ്ദുർഗ് കടപ്പുറത്ത് ടൂറിസം വകുപ്പ് നിർമിച്ച കൈറ്റ് ബീച്ച് പാർക്ക് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഒരു ടൂറിസം കേന്ദ്രം കൂടി മനോഹരമായി ഉയർന്നുവരുകയാണ്. ടൂറിസം വകുപ്പ് ഒന്നേകാൽ കോടി മുതൽമുടക്കിയാണ് കൈറ്റ് ബീച്ച് പാർക്ക് ആകർഷകമാക്കിയത്. ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാക്കാൻ സാധിക്കുന്ന പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ബേക്കൽ ടൂറിസം പ്രധാനപ്പെട്ട ചുവടുവെപ്പാണ് നടത്തിയത്. അജാനൂർ ഗ്രാമപഞ്ചായത്തിലെ കൊളവയലിൽ ബേക്കൽ ടൂറിസം പദ്ധതി ആരംഭിക്കാൻ പോകുകയാണ്. അത് പൂർത്തിയാകുമ്പോൾ ആ പ്രദേശം വലിയ വികസനക്കുതിപ്പിന് സാക്ഷിയാകും. സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായി കേരളം മാറുകയാണ്.
സംസ്ഥാന സർക്കാറിന്റെ കൃത്യമായ ഇടപെടലുകളുടെയും കാലാനുസൃതമായ പ്രചാരണ പരിപാടികളുടെയും ഫലമായി ഓരോവർഷവും കേരളം സന്ദർശിക്കാനെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെയും വിദേശ സഞ്ചാരികളുടെയും എണ്ണത്തിൽ വൻവർധനവാണ് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രദേശത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കൈറ്റ് ബീച്ച് പാർക്കിന് സാധിക്കുമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. നിർമിതികേന്ദ്രം ജന. മാനേജർ ഇ.പി. രാജമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബിൽടെക് അബ്ദുല്ല, വി.വി. രമേശൻ, കെ. ലത, പി. അഹമ്മദലി, കെ. പ്രഭാവതി, കെ.വി. സരസ്വതി, സി.എച്ച്. സുബൈദ, പി.കെ. നിശാന്ത്, മുഹമ്മദ് കുഞ്ഞി, എം. ഹമീദ് ഹാജി, എം. കുഞ്ഞമ്പാടി, ജി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്കുള്ള കളിസ്ഥലം, ഫുഡ് കോർട്ട്, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, സെൽഫി പോയന്റുകൾ, സുവനീർഷോപ് തുടങ്ങിയ സൗകര്യങ്ങളാണിവിടെ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.