തട്ടിക്കൊണ്ടുപോയ സംഭവം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു
text_fieldsകാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണസംഘം രൂപവത്കരിച്ചു. 33 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പഴുതടച്ച അന്വേഷണത്തിൽ. ഡി.ഐ.ജി ദിവസങ്ങളായി കാഞ്ഞങ്ങാട്ട് തമ്പടിച്ചാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കണ്ണൂരിൽനിന്നുള്ള പൊലീസിലെ പ്രത്യേക അന്വേഷണസംഘവും കാഞ്ഞങ്ങാട്ടെത്തി. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കി കഴിവുതെളിയിച്ച കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് കാഞ്ഞങ്ങാട്ടെത്തിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ ടീമിനെ നിയോഗിച്ചത്.
പി. ബാലക്യഷ്ണൻ നായർ, സി.കെ. സുനിൽ കുമാർ, ലതീഷ് എന്നീ മൂന്നു ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ മറ്റൊരു ടീമും അന്വേഷണം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് മറ്റൊരു പൊലീസ് ടീമും അന്വേഷണത്തിലാണ്.
പ്രതിയെ ഏത് വിധേനയും പിടികൂടാനാകുമെന്ന പ്രതീക്ഷ പൊലീസിനുണ്ട്. അതിനിടെ, പെൺകുട്ടി രണ്ടു മണിക്കൂർ സമയമെങ്കിലും ആക്രമിയുടെ കസ്റ്റഡിയിലുണ്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടുണ്ട്. വല്യച്ഛൻ പുലർച്ചെ രണ്ടു മണിക്ക് വാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആക്രമി വിട്ടയച്ച പെൺകുട്ടി നാലുമണിക്ക് ശേഷമാണ് ഗല്ലി യിലെ ഒരു വീട്ടിലെത്തി കോളിങ് ബെല്ലടിക്കുന്നത്.
പ്രദേശവുമായി അടുത്തബന്ധമുള്ള ആളാണ് ആക്രമിയെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ഗല്ലിയെന്ന സ്ഥലപ്പേര് ആക്രമി പറഞ്ഞതായിപെൺകുട്ടി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മൂന്ന് വീടുകൾക്കപ്പുറമാണ് കുട്ടിയുടെ വീടെന്നും ആക്രമി പറഞ്ഞിരുന്നു. ആക്രമി പറഞ്ഞ ഏതാനും വാക്കുകൾ പ്രദേശവുമായി ബന്ധപ്പെട്ടതാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത വാറന്റ് കേസുകളിലെ പ്രതിക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധമില്ലെന്ന് ഏതാണ്ട് പൊലീസ് ഉറപ്പാക്കി.
സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ തിരയുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഐങ്ങോത്ത് കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ പൊലീസ് തിരയുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ ഈ യുവാവിന് പങ്കുണ്ടോയെന്നാണ് സംശയം.
ശനിയാഴ്ച ഉച്ചക്ക് ഐങ്ങോത്ത് കടയിൽ സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെക്കുറിച്ച് കടയുടമയായ സ്ത്രീക്ക് സംശയം തോന്നുകയായിരുന്നു. 18 രൂപക്ക് രണ്ട് സിഗരറ്റ് വാങ്ങിയ യുവാവിന്റെ കൈവശം ആകെ എട്ടു രൂപയേ ഉണ്ടായിരുന്നുള്ളൂ. പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വാഭാവികത അനുഭവപ്പെട്ടതായി കടയുടമ പൊലീസിനെ അറിയിച്ചു.
ക്ഷീണിതനായിരുന്നെന്നും സ്ത്രീ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി പരിശോധന നടത്തി. ഇയാളെ കണ്ടെത്താനായില്ല. ഈ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യവും പരിശോധിച്ചുവരുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.