പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുറ്റപത്രം സമർപ്പിച്ചു
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുടക് സ്വദേശിക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീമിനെതിരെയാണ് (36) കാസർകോട് അഡീഷനൽ ജില്ല കോടതി (ഒന്ന്) കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി സലീമിന്റെ സഹോദരി സുഹൈബയും (20) കുറ്റപത്രത്തിൽ രണ്ടാംപ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർന്ന സ്വർണ കമ്മൽ വിൽക്കാൻ സലീമിനെ സഹായിച്ചതിനാണ് യുവതിയെ പ്രതിയാക്കിയത്. കൂത്തുപറമ്പ് കണ്ണവം സ്വദേശിനിയാണ് സുഹൈബ. 300 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 67 സാക്ഷികളും 42 ശാസ്ത്രീയ തെളിവുകളുമാണുള്ളത്.
തട്ടിക്കൊണ്ടു പോകൽ, പോക്സോ, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രദേശത്ത് നടന്ന കവർച്ചയും മറ്റൊരു കവർച്ച ശ്രമവുമാണ് പ്രതിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്.
ഈ കേസിൽ 39 ദിവസത്തിനകം പൊലീസിന് അന്വേഷണം പൂർത്തിയാക്കാനായി. കഴിഞ്ഞമാസം 15ന് പുലർച്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയസമയം പുലർച്ച രണ്ടിന് ചാരിവെച്ച വാതിൽതുറന്ന് അകത്തുകയറിയ പ്രതി പെൺകുട്ടിയെ തട്ടിയെടുത്ത് 500 മീറ്റർ അകലെ വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയെ ദിവസങ്ങൾക്കകം ആന്ധ്രയിൽനിന്ന് പൊലീസ് പിടികൂടി. പ്രതി ജില്ല ജയിലിൽ റിമാൻഡിലാണ്. ചോദ്യംചെയ്യലിൽ ഒരു കവർച്ചകേസും കവർച്ചശ്രമവും പ്രദേശത്തുതന്നെ നടത്തിയതായി വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.