കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മാണ്ഡ്യയിലും കൂത്തുപറമ്പിലും തിരച്ചിൽ
text_fieldsകാഞ്ഞങ്ങാട്: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന പ്രതിയെ തേടി അന്വേഷണ സംഘം മാണ്ഡ്യയിലും കൂത്തുപറമ്പിലും തിരച്ചിലിൽ. പ്രതി സുള്ള്യ നാപ്പോക്ക് സ്വദേശിയാണെന്ന വിവരം പൊലീസിന് ലഭിച്ചു. പ്രതിയെ കണ്ടെത്താനായി പ്രതി പോകാനിടയുള്ള വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തി.
മാണ്ഡ്യ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. മേൽപറമ്പിലും പൊലീസ് പരിശോധന നടത്തി. ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്താൻ കഴിയാത്ത സാഹചര്യമാണു ള്ളത്. പൊലീസ് സംഘം പല ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതി പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസ് സാന്നിധ്യമുണ്ട്. ഇയാൾ കർണാടകയിലുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യംചെയ്തു. തട്ടിക്കൊണ്ടുപോയ കേസിൽ സംശയിക്കുന്ന യുവാവിനെതിരെ മേൽപറമ്പ പൊലീസിൽ ഒരു പോക്സോ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിൽ അറസ്റ്റിലായ കുടക് സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡി കഴിഞ്ഞിരുന്നു. ഈ സമയം പ്രതിക്കൊപ്പം ജയിലിലെ സെല്ലിൽ കഴിഞ്ഞിരുന്ന രണ്ടു പേരെയാണ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. നീലേശ്വരം, കാസർകോട് സ്വദേശികളെയാണ് ചോദ്യം ചെയ്തത്. ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. സംശയിക്കുന്ന പ്രതിയുടെ സ്വഭാവത്തെക്കുറിച്ചും ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും അറിയുകയായിരുന്നു ലക്ഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് മുൻകൂട്ടി എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും പൊലീസ് ആരാഞ്ഞു. എന്നാൽ പൊലീസിന് കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം.
ഇതിനിടയിൽ പെൺകുട്ടിയിൽനിന്നും ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഒന്ന് രഹസ്യമൊഴിയെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെ പെൺകുട്ടിയെ പൊലീസ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.