തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും
text_fieldsകാഞ്ഞങ്ങാട്: പടന്നക്കാട്ടെ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി സലീമിനെ (38) കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകി. അഞ്ചുദിവസം കസ്റ്റഡിയിലാവശ്യപ്പെട്ട് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിലാണ് അപേക്ഷ നൽകിയത്.
പൊലീസിന്റെ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
സംഭവസ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച മുടി ഉൾപ്പെടെയുള്ളവയുമായി ഒത്തുനോക്കുന്നതിനായി പ്രതിയുടെ ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനും കോടതിയിൽ അപേക്ഷ നൽകി. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കൾ പരിശോധനക്കയച്ചിരുന്നു. പ്രതിയുടെ കൈവശം ചെറിയ ടോർച്ച് ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ മൊഴിയുണ്ടായിരുന്നു.
ഈ ടോർച്ച് പൊലീസ് പ്രതിയുടെ ബാഗിൽനിന്ന് കണ്ടെടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കസ്റ്റഡിയിൽ ലഭിച്ചശേഷം പ്രതിയെ ആഭരണം കണ്ടെടുക്കാൻ കൂത്തുപറമ്പിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. 6000 രൂപക്ക് ആഭരണം വിൽപന നടത്തിയതിന്റെ ബില്ലും പ്രതിയുടെ ബാഗിൽനിന്ന് കണ്ടെടുത്തിരുന്നു.
പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. കാഞ്ഞങ്ങാട് നിന്നും സംഭവത്തിനുശേഷം തലശ്ശേരിയിലേക്ക് ട്രെയിൻമാർഗമായിരുന്നു പ്രതി പോയത്. പ്രതിയെ ഡി.എൻ.എ പരിശോധനക്കുൾപ്പെടെ ചൊവ്വാഴ്ച വിധേയനാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.