തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുകേസ് കൂടി രജിസ്റ്റർ ചെയ്തു
text_fieldsകാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ വീട്ടിനുള്ളിൽ കയറി കവർച്ച നടത്തിയതിന് മറ്റു രണ്ടു കേസുകൾ കൂടി ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്തു. പുഞ്ചാവി താമസിക്കുന്ന പി.എ. സലീമിനെതിരെയാണ് (38) കേസ്.
ഈമാസം നടന്ന രണ്ടു കവർച്ചകളുമായി ബന്ധപ്പെട്ടാണ് കേസ്. പടന്നക്കാട് കുറുന്തൂരിൽ വീട്ടിൽ വാതിൽ തുറന്ന് കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചതിനും പുഞ്ചാവിയിലെ വീട്ടിൽ മോഷണ ശ്രമം നടത്തിയതിനുമാണ് കേസ്. ഈ വീട്ടിലും വാതിൽ തുറന്നുകിടന്നതായിരുന്നു. സലീം എത്തിയപ്പോൾ വീട്ടുകാർ അറിഞ്ഞതോടെ കടന്നുകളയുകയായിരുന്നു.
രണ്ടു കേസുകളും ഇൻസ്പെക്ടർ എംപി. ആസാദിന്റെ പരാതിയിലുള്ളതാണ്. പൊലീസിന്റെ ചോദ്യംചെയ്യലിലാണ് പ്രതി മറ്റ് കവർച്ചകൾക്ക് പിന്നിലും താനാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് കേസെടുക്കുകയായിരുന്നു.മേയ് ആദ്യ വാരത്തിലായിരുന്നു രണ്ടുസംഭവങ്ങളും.
ലക്ഷ്യം മോഷണം; ആഭരണം 6000 രൂപക്ക് വിറ്റു
കാഞ്ഞങ്ങാട്: പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സലീമിന് മോഷണം മാത്രമായിരുന്നു ലക്ഷ്യമെന്നാണ് വിവരം. രാത്രികാലങ്ങളിൽ ഇറങ്ങിനടന്ന് ചെറു മോഷണം നടത്തുന്ന സലീം പെൺകുട്ടിയുടെ വീട്ടിനടുത്തെത്തിയപ്പോഴാണ് വാതിൽ തുറന്നുകണ്ടത്.
ആളനക്കമില്ലെന്നുറപ്പിച്ച് അകത്ത് കയറുകയായിരുന്നു. എന്നാൽ, പെൺകുട്ടി ബഹളം വെച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പുറത്തേക്ക് കൊണ്ടുപോയെന്നും കൂടുതൽ ബഹളം വെച്ചപ്പോഴാണ് ഉപദ്രവിച്ചതെന്നും പ്രതി പറഞ്ഞതായാണ് വിവരം. വലിയ മോഷണത്തിനും വീട് തകർത്തുള്ള കവർച്ചക്കും സലീം മുതിരാറില്ലത്രെ.
ഈമാസം 15നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മലുകൾ കവർന്നശേഷം ഉപദ്രവിച്ചത്. ഊരിയെടുത്ത കമ്മലുകൾ കൂത്തുപറമ്പിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു. 6000 രൂപക്കായിരുന്നു വിറ്റത്.
കൂത്തുപറമ്പ് ഭാഗത്ത് സലീമിന് ബന്ധുക്കളുമുണ്ട്. ആഭരണം കണ്ടെടുക്കാൻ പൊലീസ് സലീമിനെയും കൊണ്ട് കൂത്തുപറമ്പിലേക്ക് പോകും. അതിനിടെ, പെൺകുട്ടിയെ ദ്രോഹിക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രദേശത്തെ ഒരു സ്ത്രീയുടെ മാല തട്ടിപ്പറിച്ചിരുന്നതായി സലീം സമ്മതിച്ചിട്ടുണ്ട്. മുക്കുപണ്ടമാണ് തട്ടിപ്പറിച്ചത്.
തെളിവെടുപ്പ് പുലർച്ച
കാഞ്ഞങ്ങാട്: നാട്ടുകാരുടെ പ്രതിഷേധം പൊലീസ് മുൻകൂട്ടി കണ്ടു. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ പൊലീസ് പുലർച്ച തെളിവെടുപ്പ് പൂർത്തിയാക്കി. ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പുലർച്ച ഒരുമണിക്കായിരുന്നു പൊലീസ് ആദ്യം പ്രതിയെ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. മൂന്നു മണിവരെ തെളിവെടുപ്പ് തുടർന്നു. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലം, പ്രതി സലീം പൊലീസിന് കാട്ടിക്കൊടുത്തു.
പെൺകുട്ടി നേരത്തെ പൊലീസിന് കാട്ടിക്കൊടുത്ത അതേ സ്ഥലംതന്നെയാണ് പ്രതിയും പൊലീസിന് ചൂണ്ടിക്കാട്ടിയത്. ഇവിടെനിന്ന് തെളിവുകൾ ശേഖരിച്ചു. സയന്റിഫിക് വിഭാഗം ശേഖരിച്ച മണ്ണുൾപ്പെടെ തെളിവുകൾ കോടതിയിൽ ഹാജരാക്കും. നാട്ടുകാർ തെളിവെടുപ്പ് വിവരം അറിയും മുമ്പ് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കാനും പൊലീസിനായി. അതേസമയം, രാവിലെ 11ന് പ്രതിയെ സംഭവസ്ഥലത്ത് രണ്ടാം തവണ തെളിവെടുപ്പിനെത്തിച്ചപ്പോൾ സംഘർഷമുണ്ടായി.
വസ്ത്രങ്ങൾ കണ്ടെത്തി
കാഞ്ഞങ്ങാട്: കഴിഞ്ഞ 15ന് പുലർച്ച പെൺകുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചപ്പോൾ പ്രതി സലീം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പാന്റും ഷർട്ടും പ്രതിതന്നെ പൊലീസിൽ ഹാജരാക്കുകയായിരുന്നു. വസ്ത്രങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് സയന്റിഫിക് വിഭാഗം ശേഖരിച്ച മണ്ണും പൂഴിയുമുൾപ്പെടെയുള്ളവയും കോടതിയിൽ ഹാജരാക്കും.വിൽപന നടത്തിയ സ്വർണാഭരണം ഇനി കണ്ടെടുക്കാനുണ്ട്. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് തിങ്കളാഴ്ച ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ് പറഞ്ഞു.
തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പൊലീസ് ലാത്തിവീശി
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ തെളിവെടുപ്പിനെത്തിച്ച സമയം സംഘർഷം. പ്രതിക്കുനേരെ കൈയേറ്റശ്രമമുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ രാവിലെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
സ്ഥലത്ത് കൂടുതലാളുകൾ സംഘടിച്ചെത്തിയതാണ് സംഘർഷാവസ്ഥക്ക് ഇടയാക്കിയത്. പ്രതിക്കുനേരെ മർദനവുമുണ്ടായി. മുഖംമൂടി ധരിപ്പിച്ചായിരുന്നു 11ഓടെ പ്രതിയെ രണ്ടാമത്തെ തവണ തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയുടെ മുഖംമൂടി നീക്കണമെന്നാവശ്യപ്പെട്ട് ചിലർ ബഹളമുണ്ടാക്കി.
വലിയ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന ഉൾപ്പെടെ പൂർത്തിയാക്കി വൈകീട്ടോടെ പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.