കോട്ടച്ചേരി സഹ. ബാങ്ക് പണയ തട്ടിപ്പ്: ജീവനക്കാരെ പൊലീസ് ചോദ്യംചെയ്തു
text_fieldsകാഞ്ഞങ്ങാട് : കോട്ടച്ചേരി സർവിസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം ഉപയോഗിച്ച് അരക്കോടിയിലേറെ രൂപ തട്ടിയ കേസിൽ മൂന്ന് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തു. ശാഖ മാനേജറെ പ്രതി ചേർത്തതിന് പിന്നാലെയാണ് ജീവനക്കാരെ ചോദ്യം ചെയ്തത്. മഡിയൻ ശാഖയിലെ സ്വർണവായ്പ തിരിമറിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയിൽനിന്നും ജീവനക്കാരിൽ നിന്നുമാണ് മൊഴിയെടുത്തത്. സ്വർണവായ്പ തിരിമറിയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചുവരുകയാണ്. ഹോസ്ദുർഗ് എസ്.ഐ കെ. വേലായുധൻ, എ.എസ്.ഐ പി.കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ പ്രതിയായ ബാങ്ക് മാനേജർ നീന ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഹൈകോടതി പൊലീസിനോട് റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ കോടതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും തുടർ നടപടിയെന്ന് പൊലീസ് സൂചന നൽകി. ഒന്നാം പ്രതി നീനയെ ചോദ്യം ചെയ്താൽ മാത്രമേ കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കൂട്ടുപ്രതികളായിട്ടുള്ളവരെ അറസ്റ്റ് ചെയ്തിട്ടില്ല. തട്ടിപ്പിൽ പങ്കില്ലെന്നും ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒളിവിലുള്ള നീനക്കെതിരെ കോടതി തീരുമാനത്തിനുശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിെന്റ തീരുമാനം. 2020- 23 കാലഘട്ടത്തിലാണ് സ്വർണ പണയ തട്ടിപ്പ് നടന്നത്. ഈ കാലഘട്ടത്തിലെ ബാങ്ക് ഇടപാടുകളിൽ ക്ലിയറൻസ് നൽകിയതും വിവരമുണ്ട്. ഒരു ഉയർന്ന ഉദ്യോഗസ്ഥയാണ് ക്ലിയറൻസ് നൽകിയതെന്നാണ് വിവരം. മുഴുവൻ തട്ടിപ്പുകളും പുറത്തുവരണമെങ്കിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.