കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: മാവുങ്കാലിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഗുരുതരനിലയിൽ അബോധാവസ്ഥയിലാണ്. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവർ പി. പ്രവീണാണ് (48) അബോധാവസ്ഥയിൽ. ജില്ല ആശുപത്രിയിലായിരുന്ന പ്രവീണിന് പ്രാഥമിക ചികിത്സ നൽകിയിട്ടും ബോധം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിയാണ്. കഴിഞ്ഞദിവസമാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ജോലിക്കെത്തിയത്. കാർ ഡ്രൈവർ വെള്ളിക്കോത്ത് സ്വദേശി ബിജി (30), മോനാച്ച സ്വദേശി രതി (46), അമ്പലത്തറയിലെ കാർത്യായനി (65) എന്നിവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച ഉച്ച 12ഓടെയായിരുന്നു അപകടം. കാഞ്ഞങ്ങാടുനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. മാവുങ്കാൽ ടൗണിന് സമീപം കാട്ടുകുളങ്ങര ഭാഗത്താണ് അപകടം. കാർ ഡ്രൈവറെ മണ്ണുമാന്തി ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിർമാണപ്രവൃത്തി നടക്കുന്ന ദേശീയപാതയിലെ സമാന്തരറോഡിലാണ് അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽപെട്ടത് ബ്രേക്ക് തകരാറിലെന്ന് പരാതിയുയർന്ന കെ.എസ്.ആർ.ടി.സി
കാഞ്ഞങ്ങാട്: ദേശീയപാതയിൽ മാവുങ്കാലിന് സമീപം ഞായറാഴ്ച കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപെട്ട ആർ.എസ്.സി 691 നമ്പർ കെ.എസ്.ആർ.ടി.സി ബസ് ഒരാഴ്ചക്കിടെ അപകടത്തിൽപെട്ടത് മൂന്നു തവണ. ബ്രേക്ക് തകരാർ കാരണം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഡ്രൈവർമാർ നിരന്തരം ഡിപ്പോയിൽ പരാതി നൽകിയിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
യാത്രക്കിടെ എയർലീക്കായി ബ്രേക്ക് തകരാറിലാവുന്നത് പതിവാണെന്ന് ജീവനക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ലോങ് ഷീറ്റ് എന്നറിയപ്പെടുന്ന ഡെയ്ലി റിപ്പോർട്ടിൽ ഡ്രൈവർമാർ ഓരോദിവസവും അപകടസാധ്യതയുണ്ടെന്നുകാണിച്ച് റിപ്പോർട്ട് കുറിച്ചിരുന്നു.
പ്രശ്നം പരിഹരിച്ച് എന്നുപറഞ്ഞ് പ്രസ്തുത ബസ് മറ്റ് റൂട്ടുകളിലെ ഡ്രൈവർമാരെ ഏൽപിക്കുകയാണ് പതിവ്. മൂന്ന് ദിവസം മുമ്പ് കാഞ്ഞങ്ങാട്-പാണത്തൂർ പാതയിൽ പനത്തടിയിൽ ബ്രേക്ക് കിട്ടാത്തതിനെ തുടർന്ന് ഈ ബസ് റോഡരികിലെ കലുങ്കിൽ ഇടിക്കുകയും ഇവിടെനിന്ന് തെന്നി മണ്ണിൽ പൂഴ്ന്നുനിൽക്കുകയുമായിരുന്നു.
തൊട്ടടുത്ത് സ്കൂൾ ബസ് ഉണ്ടായിരുന്നുവെങ്കിലും അപകടം ഒഴിവായിരുന്നു. അന്നത്തെ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. പനത്തടിയിലുണ്ടായ അപകടത്തിനുമുമ്പ് കോഴിക്കോട്ടും ഇതേ ബസ് അപകടത്തിൽപെട്ടു. ബ്രേക്ക് കിട്ടാത്തതിനെ തുടർന്ന് ബൈക്കിലിടിച്ച് നിൽക്കുകയായിരുന്നു.
അന്ന് കേസാകാതെ സ്വന്തം പോക്കറ്റിൽനിന്ന് 3000 രൂപ നൽകിയാണ് ജീവനക്കാർ പ്രശ്നം പരിഹരിച്ചത്. മാവുങ്കാലിൽ ഞായറാഴ്ചയുണ്ടായ അപകടത്തിന് കാരണവും ബ്രേക്ക് ചെയ്തപ്പോൾ കിട്ടാത്തതുതന്നെയാകാമെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നത്.
10വർഷത്തിന് താഴെ മാത്രം പഴക്കമുള്ള ബസിന് കാഞ്ഞങ്ങാട് ഡിപ്പോയിലെ ഗാരേജിൽ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ എങ്കിലും ഇതിന് മുതിരാതെ ഓരോ ദിവസവും ഓരോ റൂട്ടിലേക്ക് ബസ്സ് അയക്കുന്നുവെന്നാണ് ആക്ഷേപം. ഫാസ്റ്റ് പാസഞ്ചറായും ലിമിറ്റഡായും ഓഡിനറി ബസായും ഈ ബസ് മാറിമാറി വിവിധ റൂട്ടുകളിലൂടെ ഓടുകയാണ്.
കോഴിക്കോടടക്കം ദീർഘദൂര റൂട്ടിൽ സർവിസ് നടത്തുന്ന ബസിനാണ് മൂന്നാഴ്ചയായി ബ്രേക്ക് തകരാറുള്ളത്. നൂറുകണക്കിന് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ജീവൻ പണയംവെച്ച് നിരത്തിലിറക്കുന്നതിനെതിരെ ജീവനക്കാരിൽത്തന്നെ അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.