കെട്ടിവലിച്ചും കട്ടപ്പുറത്തായും ബസുകൾ; ഇറങ്ങിനടക്കണം ജനം
text_fieldsകാഞ്ഞങ്ങാട്: നല്ല ബസുകൾ പിൻവലിച്ച് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ ബസുകൾ. ഇത്തരം ബസുകൾ നൽകിയതിനെതിരെ കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ തൊഴിലാളികൾ എ.ടി.ഒക്ക് രേഖാമൂലം പരാതി നൽകാനൊരുങ്ങുന്നു.
അന്തർസംസ്ഥാന പെർമിറ്റുള്ള ബസുകൾ മറ്റ് ഡിപ്പോക്ക് കൈമാറിയശേഷമാണ് പകരം പഴഞ്ചൻ ബസുകൾ നൽകിയത്. ഇവയാകട്ടെ മലയോരത്തേക്കുള്ള സർവിസുകൾക്ക് അനുയോജ്യമല്ലെന്നാണ് ജീവനക്കാർതന്നെ പറയുന്നത്. ഡിപ്പോയിലുണ്ടായിരുന്ന അശോക് ലൈലാൻഡിന്റെ നല്ല ബസുകൾ തെക്കൻ ജില്ലകളിലേക്ക് കൊണ്ടുപോയി. പകരം ലഭിച്ച അഞ്ചു ബസുകളും ടാറ്റയുടെ പഴഞ്ചൻ ബസുകളാണെന്നും ജീവനക്കാർ പറയുന്നു.
ഒരാഴ്ചക്കിടെ ബസുകളിലൊന്ന് പാണത്തൂരിൽനിന്ന് കെട്ടിവലിച്ച് ഡിപ്പോയിലെത്തിക്കേണ്ടിവന്നു. മറ്റൊന്ന് വെള്ളിയാഴ്ച നീലേശ്വരം ബ്ലോക്ക് ഓഫിസ് പരിസരത്ത് ബ്രേക്ക് ഡൗണായി. മറ്റൊന്ന് ഒടയംചാൽ- പരപ്പ റൂട്ടിലെ നാക്കയം കയറ്റത്തിൽ വലിമുട്ടിയതോടെ യാത്രക്കാർ ഇറങ്ങി നടക്കേണ്ടിവന്നു. ഇതാണ് ഇപ്പോൾ ലഭിച്ച ബസുകളുടെ എല്ലാത്തിന്റെയും അവസ്ഥയെന്ന് ജീവനക്കാർതന്നെ സാക്ഷ്യപ്പെടുത്തുകയാണ്.
പകരം ലഭിച്ച പഴയ ബസുകൾ മാറ്റിനൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത പെർമിറ്റുകളിൽ പഴഞ്ചൻ ബസുകൾ ഓടിക്കുന്നത് നഷ്ടം കൂട്ടുന്നുണ്ട്. കോഴിക്കോട്-പാണത്തൂർ റൂട്ടിൽ കണ്ടീഷനുള്ള ബസ് ഓടിക്കുമ്പോൾ 20,000 രൂപ വരുമാനം ലഭിച്ചു. ഇപ്പോൾ ഓടിയെത്താത്ത പഴഞ്ചൻ ബസുകൾ ഓടിക്കുമ്പോൾ 12,000 രൂപവരെയായി കുറഞ്ഞു. വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് കാഞ്ഞങ്ങാട് ഡിപ്പോയോടുള്ള ഉദ്യോഗസ്ഥരുടെ അവഗണന.
മലയോരത്തെ പല റൂട്ടുകളിലും ഒറ്റപ്പെട്ട് മാത്രമാണ് ബസ് സൗകര്യമുള്ളത്. അതിനാൽതന്നെ മിക്ക യാത്രക്കാരും ഈ ബസിനെ പ്രതീക്ഷിച്ചായിരിക്കും യാത്രക്കിറങ്ങുക. കട്ടപ്പുറത്തായി സർവിസ് മുടങ്ങുന്നതും പെരുവഴിക്കാകുന്നതുംമൂലം യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാവുന്നു. ഇത്തരം പ്രശ്നം നിലനിൽക്കുന്നുണ്ടെന്നിരിക്കെ വീണ്ടും പഴഞ്ചൻ ബസുകൾ കൊണ്ടുവന്നത് യാത്രക്കാർക്ക് വിനയാണ്.തെരഞ്ഞെടുപ്പിനുശേഷം കാഞ്ഞങ്ങാട് തൊക്കോട്ട് റൂട്ടിൽ കെ.എസ്.ആർ.ടി.സി അഞ്ച് സർവിസ് ആരംഭിക്കുന്നുണ്ടെന്ന ആശ്വാസ വാർത്തയുണ്ട്. ഇവ യേനപ്പോയ അടക്കമുള്ള മെഡിക്കൽ കോളജുകളിലേക്ക് പോകുന്ന രോഗികൾക്ക് ഉപകാരപ്പെടുംവിധം അവിടേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.