കാലാവധി തീർന്ന ബസുകൾക്ക് പകരമില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾ
text_fieldsകാഞ്ഞങ്ങാട്: പെർമിറ്റ് കാലാവധിതീർന്ന ബസുകൾക്ക് പകരം കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് ബസ് അനുവദിക്കാത്തത് സർവിസിനെ പ്രതികൂലമായി ബാധിക്കുന്നു. ചെറുപുഴ, എളേരി, ചീമേനി, കൊന്നക്കാട് തുടങ്ങിയ മലയോര പ്രദേശത്തേക്കുള്ള സർവിസുകൾ ഇതുകാരണം പുനരാരംഭിക്കാനായിട്ടില്ല. ഇവിടങ്ങളിൽ സർവിസ് പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി, എം.എൽ.എമാർ എന്നിവർക്ക് പരാതി. കാസർകോട് ഡിപ്പോയിലെ 91ഷെഡ്യുളിൽ കോവിഡിന് ശേഷം 75 എണ്ണമാണ് സർവിസ് നടത്തിയിരുന്നത്. എന്നാൽ പെർമിറ്റ് കാലാവധി പ്രശ്നം വന്നപ്പോൾ നല്ല വരുമാനമുള്ള നിരവധി സർവീസുകൾ നിർത്തേണ്ട സാഹചര്യമുണ്ടായി. അതിനാൽ യാത്രക്കാർ വളരെ വിഷമത്തിലാണ്. 15 വർഷം പൂർത്തിയായ ബസുകൾ പിൻവലിച്ചതിന് പകരം ബസ് അനുവദിച്ചിട്ടില്ല. ജില്ലയിലെതന്നെ കാഞ്ഞങ്ങാട് ഡിപ്പോയിൽ ആകെയുള്ള 55 ഷെഡ്യൂളുകളിൽ കോവിഡിന് ശേഷം 47 സർവിസ് ഓടിയിരുന്നു. പെർമിറ്റ് കാലാവധി പ്രശ്നം വന്നപ്പോൾ നിരവധി സർവിസുകൾ നിർത്തേണ്ട സാഹചര്യം ഉണ്ടായതിനാൽ യാത്രക്കാർ വളരെ വിഷമത്തിലാണ്. 15വർഷം പൂർത്തിയായ ബസുകൾ പിൻവലിച്ചതിനുശേഷം പകരം കാഞ്ഞങ്ങാട്ടും ബസുകൾ അനുവദിച്ചിട്ടില്ല.
പുതിയ സ്വിഫ്റ്റ് ബസുകൾ അനുവദിക്കുന്ന കാര്യത്തിലും കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളോട് അവഗണനയാണ്. സി.പി.എം എളേരി ഏരിയ സെക്രട്ടറി സുകുമാരൻ, ലോക്കൽ സെക്രട്ടറി ജനാർദനൻ, പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു എന്നിവരാണ് പരാതി നൽകിയത്.
ഡീലക്സ്, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ബസുകൾക്ക് പകരം പുതിയ ബസുകൾ മാറ്റിയെങ്കിലും പഴയ ബസുകൾ കൺവെർട്ട് ചെയ്ത് ഡിപ്പോകൾക്ക് അനുവദിക്കാൻ നടപടി ആയിട്ടില്ല. നല്ല വരുമാനം ലഭിക്കുന്ന സർവിസുകൾ ബസുകളുടെ കാലാവധി തീർന്നതിനാൽ ഓടുന്നില്ല. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോയിൽ ബസുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് അടിയന്തരമായി ബസുകൾ അനുവദിച്ച് നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതോടൊപ്പം ജനോപകാരപ്രദമായ പുതിയ സർവിസുകൾ അനുവദിക്കാനും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.