കെ.എസ്.ആർ.ടി.സി ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കുതന്നെ മാറ്റിയേക്കും
text_fieldsകാസർകോട്: കെ.എസ്.ആർ.ടി.സിയുടെ ജില്ല ആസ്ഥാനം കാഞ്ഞങ്ങാട്ടേക്കുതന്നെ മാറ്റിയേക്കും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ പ്രതിഷേധത്തെത്തുടർന്ന് ആസ്ഥാനമാറ്റ ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനമാണ് ഉത്തരവായി വന്നിട്ടുള്ളത് എന്നതിനാൽ ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യത്തിൽ ഭരണപക്ഷ യൂനിയനായ സി.ഐ.ടി.യു ഉൾപ്പെടെയുള്ളവർ പിന്നോട്ടുപോയിട്ടില്ല. ഉത്തരവ് നടപ്പാക്കുമെന്ന് സി.ഐ.ടി.യു കേന്ദ്രങ്ങളും വ്യക്തമാക്കി. കാസർകോട് ഡിപ്പോയിലെ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറുന്നതോടെ ലഭ്യമാകുന്ന സ്ഥലം വാടകക്ക് നൽകി വരുമാനമുണ്ടാക്കാമെന്നതാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഇപ്പോൾ തന്നെ കടമുറികൾ വാങ്ങാനാളില്ലാത്ത സ്ഥിതികൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്ഥലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ആസ്ഥാനമാറ്റത്തെ എതിർത്തത്. ഇത് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികൾ നൽകുന്ന ചട്ടം പരിഷ്കരിക്കുകയാണെന്ന് ഡിപ്പോ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളത്തും കോഴിക്കോട്ടും കാസർകോട്ടും കടമുറി വാടകക്ക് നൽകുന്നത് ഒരേ ചട്ടമനുസരിച്ചാണ്. ഇതാണ് കാസർകോട്ടെ കടമുറികൾ വാടകക്ക് നൽകാനാവാതെ പോകുന്നത്. വൻതുക ഡെപ്പോസിറ്റും വലിയ വാടകയുമാണ് കാരണം. ഈ രീതി മാറ്റുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യാൻ പോകുന്നത്. സമീപത്തെ വ്യാപാര സമുച്ചയങ്ങളിലെ നിലവിലെ ഏറ്റവും ഉയർന്ന വാടകയായിരിക്കും കെ.എസ്.ആർ.ടി.സിയിലും നടപ്പിൽവരുക. ഇതുസംബന്ധിച്ച റിപ്പോർട്ട് ശേഖരിക്കാൻ കെ.എസ്.ആർ.ടി.സി നിർദേശം നൽകിയിട്ടുണ്ട്. താമസിയാതെ ഓരോ ഡിപ്പോക്കും സ്വന്തം നിലയിൽ മുറിവാടകകൾ തീരുമാനിക്കാം. ഇതിനുപിന്നാലെ നഗരത്തിൽ സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളെ കെ.എസ്.ആർ.ടി.സി ഷോപ്പിങ് കോംപ്ലക്സിലേക്ക് ക്ഷണിക്കാനും നീക്കമുണ്ട്.
വിദ്യാർഥികളുടെ കൺസഷൻ കാർഡ് വിതരണ സ്ഥലത്തിനു മാറ്റമുണ്ടാകില്ല. ഭിന്നശേഷിക്കാർക്കും നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകില്ല എന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. എം.എൽ.എ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലുടൻ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുമെന്നാണ് ഡിപ്പോ അധികൃതരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.