സ്കൂളുകളില്‍ കുടുംബശ്രീ കട; വ്യാപാരികള്‍ക്ക് ആശങ്ക
text_fieldsകാഞ്ഞങ്ങാട്: സ്കൂളുകളില്‍ കുടുംബശ്രീ കട തുടങ്ങാൻ നടപടി ആരംഭിച്ചതിൽ വ്യാപാരികള്‍ക്ക് ആശങ്ക. ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നീക്കമെന്ന പേരിലാണ് സ്കൂളുകള്‍ക്കകത്ത് കുടുംബശ്രീയുടെ കീഴില്‍ കടകള്‍ തുറക്കാനുള്ള നീക്കം നടക്കുന്നത്. കുടുംബശ്രീയുടെ കടകള്‍ തുടങ്ങുന്നതോടെ കുട്ടികള്‍ പുറത്തുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് വിലക്കുണ്ടാകുമെന്നും ഇത് സ്കൂള്‍ പരിസരങ്ങളിലെ ചെറുകിട വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുമെന്നുമാണ് കച്ചവടക്കാർ പറയുന്നത്.
ജില്ലയില്‍ രണ്ടായിരത്തിനു മുകളില്‍ കുട്ടികള്‍ പഠിക്കുന്ന 11 സ്കൂളുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ചെര്‍ക്കള സെന്‍ട്രല്‍, ചായ്യോത്ത്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, തൃക്കരിപ്പൂര്‍, പിലിക്കോട്, മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കാഞ്ഞങ്ങാട് ദുര്‍ഗ, നീലേശ്വരം രാജാസ്, നായന്മാര്മൂല തന്ബിഹൂല് ഇസ്ലാം, ചെമ്മനാട് ജമാഅത്ത് എന്നീ എയ്ഡഡ് സ്കൂളുകളിലുമാണ് കട തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അതത് സ്കൂളുകളിലെ പ്രധാനാധ്യാപകരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തോടെ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് പദ്ധതി.
നോട്ടുബുക്കുകളുള്പ്പെടെയുള്ള പഠനസാമഗ്രികളും ഫാന്‍സി സാധനങ്ങളും ലഘുഭക്ഷണവും മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളുമെല്ലാം കുടുംബശ്രീ കടകളില്‍ ലഭ്യമാക്കും. ഇത് വഴി സ്കൂളിലെ ഇടവേളകളിൽ കുട്ടികള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോകുന്നത് തടയാനാണ് നീക്കം. ഇതിന്റെ ഉത്തരവാദിത്തംകട നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുക്കാനും ഇതോടെ കുട്ടികള്‍ അവരുടെ അടുത്തുനിന്നു മാത്രം സാധനങ്ങള്‍ വാങ്ങാന്‍ നിര്ബന്ധിതരാകാനുമാണ് സാധ്യതയെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയാന്‍ സര്‍ക്കാറിന് കൃത്യമായ സംവിധാനങ്ങളുണ്ടെന്നിരിക്കെ ചെറുകിട വ്യാപാരികളെ ലഹരി വസ്തുക്കളുടെ ഏജന്റുമാരായി മുദ്രകുത്തുന്നതും പ്രതിഷേധാര്‍ഹമാണെന്ന് പറയുന്നു. കൃത്യമായി ജി.എസ്.ടി അടച്ച് ജോലിചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്കുനേരെ നടക്കുന്നത് കടുത്ത ദ്രോഹമെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.