കുഞ്ഞാമിന അന്ന് ആംഗ്യഭാഷയിൽ പറഞ്ഞു; കാഴ്ച കുറവാണ്..കൈപിടിച്ച് പാളം കടത്തുമോ?
text_fieldsകാഞ്ഞങ്ങാട്: ഉച്ചക്ക് 12.45 പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു മൂന്നുപേരും. ആ സമയത്താണ് ഒരു വയോധിക റെയിൽപാളം മുറിച്ച് കടക്കാൻ പ്രയാസപ്പെടുന്നത് അനസിെൻറ ശ്രദ്ധയിൽപെട്ടത്. ഉടനെ അടുത്തേക്ക് സുഹൃത്തുക്കളായ ഇദ്രീസിനെയും ബാസിലിനെയും കൂട്ടി കാര്യങ്ങളന്വേഷിച്ചു. കാഴ്ച കുറവാണെന്നും ട്രെയിൻ വരുന്നത് കാണാൻ കഴിയുന്നില്ലെന്നും കൈപിടിച്ച് പാളം കടത്തി സഹായിക്കുമോയെന്നും ആംഗ്യഭാഷയിൽ വിദ്യാർഥികളോട് കുഞ്ഞാമിന പറഞ്ഞു.
ബധിരയും മൂകയുമായിരുന്ന സ്ത്രീയായിരുന്നു കുഞ്ഞാമിന. റെയിൽപാളം കടത്താൻ സഹായിച്ച അനസിനും സംഘത്തിനും ആംഗ്യഭാഷയിൽ നന്ദി പറയുകയും ചെയ്തിരുന്നു. ഏപ്രിൽ 26 നായിരുന്നു സംഭവം. വിദ്യാർഥികൾ റെയിൽപാളം കടക്കാൻ സഹായിച്ച അതേ സ്ഥലത്ത് നിന്നുതന്നെ അഞ്ച് മാസം കഴിയുമ്പോഴേക്കും ദാരുണാന്ത്യം സംഭവിച്ചതിെൻറ ഞെട്ടലിലാണ് സഹായിച്ച വിദ്യാർഥികളും നാട്ടുകാരും. ബന്ധുവീട്ടിൽ സൽക്കാരത്തിന് പോകുന്നതിനിടെ തിങ്കളാഴ്ച 11.30 നായിരുന്നു ട്രെയിൻ തട്ടി എഴുപത് വയസ്സുകാരിയായ കുഞ്ഞാമിനക്ക് ദാരുണാന്ത്യം സംഭവിക്കുന്നത്. സംസാരിക്കാൻ കഴിയില്ലെങ്കിലും കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ചെറിയൊരു മേൽപാലത്തിനായി പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടെയാണ് സ്കൂളിനടുത്തുനിന്നുതന്നെ ട്രെയിൻ തട്ടി ദാരുണാന്ത്യം. ചെവി കേൾക്കാത്തത് കൊണ്ടുതന്നെ ആരുടെയെങ്കിലും കൈ പിടിച്ചായിരുന്നു പാളം കുഞ്ഞാമിന കടന്നിരുന്നത്. കാൽനടക്കാർക്ക് മാത്രമായി മേൽപാലം വേണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്.
തങ്ങളുടെ കുഞ്ഞുമക്കൾ സ്‌കൂൾവിട്ട് എത്തുംവരെ ഇവിടത്തെ രക്ഷിതാക്കൾക്ക് ആധിയാണ്. കാരണം ഈ കുട്ടികൾ റെയിൽപാളം മുറിച്ചുകടന്നുവേണം സ്‌കൂളുകളിലേക്ക് പോകാനും വരാനും.സൗത്ത് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലെ തീരദേശ മേഖലയിൽ നിന്നും വരുന്ന വിദ്യാർഥികളാണ് റെയിൽപാളം കടന്ന് സ്‌കൂളിലെത്തുന്നത്. ആവിയിൽ, കല്ലൂരാവി, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്നു. കാൽനടക്കാർക്ക് മാത്രമായി മേൽപാലം വേണമെന്ന ആവശ്യത്തിന് പഴക്കമേറെയാണ്. രക്ഷിതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും പ്രത്യേക ശ്രദ്ധയാണ് ഇതുവരെയും ഒരു അനിഷ്ട സംഭവത്തിന് വഴിവെക്കാതിരുന്നത്.
സ്‌കൂൾ വിടുന്നതോടെ നാട്ടുകാരും അധ്യാപകരും കുട്ടികളെ പാളം കടത്തിവിടുകയാണ്. നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന ഈ മേഖലയിൽ കാൽനടക്കായി മേൽപാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പദ്ധതിക്കായി തുക വകയിരുത്തുകയാണെങ്കിൽ അനുകൂല നടപടി സ്വീകരിക്കാൻ റെയിൽവേ തയാറാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.