111ാം വയസ്സിൽ വീട്ടിൽ വോട്ട് ചെയ്ത് കുപ്പച്ചിയമ്മ
text_fieldsകാഞ്ഞങ്ങാട്: നൂറ്റിപ്പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് സി. കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി. കുപ്പച്ചി.
തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിങ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി. കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആദ്യത്തെ വോട്ട് കൂടിയാണിവരുടേത്.
ലോക്സഭ മണ്ഡലം വരണാധികാരിയും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ ഇതോടെ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിന് കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ തുടക്കമായി. മറ്റു നിയമസഭ മണ്ഡലങ്ങളിലും വീട്ടിലെ വോട്ട് ആരംഭിച്ചു.
ഒന്നാം പോളിങ് ഉദ്യോഗസ്ഥന് കൃഷ്ണനായിക് പേരു വിളിച്ച് തിരിച്ചറിയൽ രേഖ പരിശോധിച്ചു. രണ്ടാം പോളിങ് ഉദ്യോഗസ്ഥന് സുബിന്‍രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി.
വീട്ടില്‍ സജ്ജമാക്കിയ താൽക്കാലിക വോട്ടിങ് കമ്പാര്‍ട്ട്മെന്റില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ചശേഷം കവര്‍ മെറ്റല്‍ ഡ്രോപ് ബോക്സില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ള ഇവര്‍ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്.
കലക്ടര്‍ കെ. ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്കി. കലക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു. അയല്‍വാസി കാരിച്ചി നെല്ക്കതിര് ചെണ്ട് നല്കി കലക്ടറെ സ്വീകരിച്ചു.
ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്ത അവര്‍ മാതൃകയാണെന്നും പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലം ഹോം വോട്ട് സ്പെഷല്‍ ഓഫിസര്‍ ജില്ല ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഒന്നാം പോളിങ് ഓഫിസര്‍ കൃഷ്ണനായിക്, രണ്ടാം പോളിങ് ഓഫിസര്‍ സുബിന്‍രാജ്, മൈക്രോ നിരീക്ഷകൻ എസ്.കെ. മഹേഷ് ലാല്‍, ബൂത്ത് ലെവല്‍ ഓഫിസര്‍ മൊയ്തു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.