തിരുട്ട് സംഘത്തിലെ സ്ത്രീകളെ രക്ഷപ്പെടുത്താൻ ലക്ഷങ്ങൾ എറിയുന്നു
text_fieldsകാഞ്ഞങ്ങാട്: തിരുട്ട് സ്ത്രീ മോഷണസംഘത്തെ ജയിലിൽ നിന്നു രക്ഷപ്പെടുത്താൻ ഗൂഢസംഘം. ലക്ഷക്കണക്കിന് രൂപ വലിച്ചെറിഞ്ഞാണ് ജയിലിൽ കഴിയുന്ന കവർച്ച സംഘത്തിൽപ്പെട്ട സ്ത്രീകളെ പുറത്തിറക്കാൻ ശ്രമം നടക്കുന്നത്. കാഞ്ഞങ്ങാട്ടും കാസർകോട് ആദൂരിലും പയ്യന്നൂർ, തലശ്ശേരിയിലും പിടിച്ചുപറി നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന സ്ത്രീ കവർച്ച സംഘത്തെ പുറത്തിറക്കാനാണ് തകൃതിയിൽ ശ്രമം നടക്കുന്നത്.
യുവതികളെ രക്ഷിക്കാൻ പുറത്തുനിന്നുള്ള ഗൂഢസംഘം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയാണ്. കാഞ്ഞങ്ങാട്ട് രണ്ട് ഓട്ടോ യാത്രക്കാരായ സ്ത്രീകളുടെയും ഒരു ബസ് യാത്രക്കാരിയുടെയും ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് സംഘം ഏതാനും മാസം മുമ്പ് കവർച്ച ചെയ്തത്. ആദൂർ പൊലീസിലും സമാനമായ കേസുണ്ട്.
പയ്യന്നൂരിലും തലശ്ശേരി പൊലീസിലും കേസുണ്ട്. തലശ്ശേരി പൊലീസ് ഇവരെ പിടികൂടിയതോടെയാണ് കാസർകോട് ജില്ലക്കകത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീ കവർച്ചാസംഘം നടത്തിയ വൻ പിടിച്ചുപറി പുറത്തു വന്നത്. തലശ്ശേരി പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ കാഞ്ഞങ്ങാട് ഉൾപ്പെടെ നിരവധി പിടിച്ചുപറികൾ നടത്തിയതായി സ്ത്രീകൾ വെളിപ്പെടുത്തുകയായിരുന്നു.
ഇതേ തുടർന്ന് തലശ്ശേരി പൊലീസ് വിവരം അതത് പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മാന്യമായി വസ്ത്രം ധരിച്ച് ഓട്ടോയിലും ബസിലും കയറുന്ന തമിഴ് യുവതികൾ അതിവിദഗ്ധമായി കഴുത്തിൽ നിന്നും സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
യാതൊരു സംശയവും തോന്നാത്ത രീതിയിൽ സ്ത്രീകളിൽ നിന്നും ആഭരണം തട്ടിയെടുക്കാൻ ഇവർ പ്രത്യേകം വൈദഗ്ധ്യമുണ്ട്. വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് പലരും തങ്ങളുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. നിരവധി കേസുകൾ പ്രതികൾക്കെതിരെ തെളിയുമെന്നിരിക്കെയാണ് ജയിലിൽ കഴിയുന്ന യുവതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
നാടോടി സ്ത്രീകൾ തട്ടിയെടുത്ത സ്വർണത്തിന് പകരം പണം നൽകാമെന്ന വാഗ്ദാനവുമായി ഒരു സംഘം ആ ഭരണം നഷ്ടപ്പെട്ട സ്ത്രീകളെ സമീപിച്ചിട്ടുണ്ട്. മടിക്കൈ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വർണമാലക്ക് പകരം പണം സംഘം തിരിച്ചു നൽകി. അഭിഭാഷകർ വഴിയാണ് പരാതിക്കാരിയായ സ്ത്രീയെ സംഘം ബന്ധപ്പെട്ടത്.
നഷ്ടപ്പെട്ട ഒന്നരലക്ഷം രൂപയുടെ ആഭരണത്തിന് പകരം കഴിഞ്ഞ ദിവസം വീട്ടമ്മക്ക് 1,10,000 രൂപ നൽകിയിട്ടുണ്ട്. സമാനരീതിയിൽ ആദൂരിലെ കേസിലും ഒത്തുതീർപ്പിന് ശ്രമം നടക്കുകയാണെന്നാണ് വിവരം.ചർച്ചക്കും വിലപേശലിനും ഒടുവിലാണ് മടിക്കൈ സ്വദേശിനിക്ക് രൂപ തിരിച്ചുകിട്ടിയത്. പണം കൈപ്പറ്റി പൊലീസിന് നൽകിയ കേസ് പിൻവലിക്കാനാണ് ധാരണ.
ഇതേ നിലയിൽ സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. കേരളത്തിൽ പിടിച്ചുപറി നടത്തുന്ന നാടോടി സ്ത്രീകൾക്ക് വലിയ സ്വാധീനവും സാമ്പത്തിക ഭദ്രതയും ഉണ്ടെന്നാണ് വ്യക്തമാവുന്നത്.
പിടിക്കപ്പെട്ടാൽ ഇവരെ രക്ഷിക്കുന്നതിന് അഭിഭാഷകരും ലക്ഷങ്ങൾ ചെലവഴിക്കാൻ ആളുകളും പുറത്തുണ്ടെന്നാണ് ഇതിലൂടെ വെളിവാകുന്നത്. അഭിഭാഷകരുടെയും പുറത്തുള്ള സംഘത്തിന്റെയും സഹായത്തോടെ കേസുകൾ പിൻവലിക്കുമ്പോൾ കഷ്ടപ്പെട്ട് പ്രതികളെ പിടികൂടി കേസ് തെളിയിക്കാൻ പാടുപെടുന്ന പൊലീസ് നിസ്സഹായരാകുന്നു.
പരാതിക്കാർ തന്നെ കേസിലെ നൂലാമാലകൾ ഓർത്ത് കിട്ടിയ പണം വാങ്ങി കേസ് പിൻവലിക്കുന്നത് പൊലീസിന്റെ മനോവീര്യത്തെ കെടുത്തുകയാണ്. ഗോവിന്ദച്ചാമിമാരെ രക്ഷപ്പെടുത്താൻ പ്രമുഖ ക്രിമിനൽ അഭിഭാഷകർ രംഗത്ത് വന്നതിന് സമാനമായ സ്വാധീനമാണ് പിടിച്ചുപറി സംഘത്തിൽപെട്ട യുവതികൾക്കും ഉള്ളതെന്നാണ് വെളിവാകുന്നത്.
കാഞ്ഞങ്ങാട്, കാസർകോട്, തിരുവനന്തപുരം ഉൾപ്പെടെ കവർച്ച സംഘം അഭിഭാഷകരെ കാലെകൂട്ടി തയാറാക്കി നിർത്തിയതായി പൊലീസ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഇവർ വഴിയാണ് ഒത്തുതീർപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.