പുലിയാണോ...?
text_fieldsകാഞ്ഞങ്ങാട്: മാവുങ്കാലിനടുത്ത് പുലി ഇറങ്ങിയതായി സംശയം. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.വെള്ളിയാഴ്ച രാത്രി കല്യാൺ, അത്തിക്കോത്ത്, മുത്തപ്പൻതറ ഭാഗങ്ങളിൽ പുലിയെ കണ്ടെന്നാണ് പറയുന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരാണ് കണ്ടത്. റോഡ് കുറുകെ കടക്കുകയായിരുന്നു പുലി. വിവരമറിഞ്ഞ് വനപാലകർ രാത്രിയിൽതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കാടുകൾ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഇനിയും കണ്ടാൽ കാമറയോ കൂട് സ്ഥാപിക്കുന്നതോ പരിഗണിക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാഹുൽ പറഞ്ഞു.
മഞ്ഞം പൊതി കുന്നിന്റെ താഴ്വാരമാണിത്. കാടുമൂടിക്കിടക്കുന്ന പ്രദേശം കൂടിയാണ്. പുലിയെ കണ്ടെന്ന വിവരം പരന്നതോടെ മഞ്ഞം പൊതി കുന്നിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവരോട് ജാഗ്രതപാലിക്കാൻ നിർദേശിച്ചു. മാവുങ്കാൽ ആനന്ദാശ്രമം, കല്യാൺ, വാഴക്കോട് പ്രദേശങ്ങളിലെ ജനങ്ങളോട് അതിരാവിലെ പുറത്തിറങ്ങരുതെന്നും നിർദേശം നൽകി. അതിനിടെ ഏതാനും ദിവസം മുമ്പ് കാരക്കോട്ട് പുലിയെ കണ്ടതായും വിവരമുണ്ടായിരുന്നു. അടുത്തടുത്ത പ്രദേശങ്ങളാണിത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഏച്ചിക്കാനം വെള്ളൂടയിൽ പുലിയെ കൂടുവെച്ച് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.